സോൾ: ചൈനയുടെ ഡീപ്സീക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്ബോട്ടിന്റെ പുതിയ ഡൗൺലോഡുകൾ ദക്ഷിണ കൊറിയ നിരോധിച്ചതായി രാജ്യത്തെ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ വാച്ച്ഡോഗ് അറിയിച്ചു. സ്വകാര്യ വിവരങ്ങൾ ചോർത്തുമെന്ന ആശങ്കയിലാണ് തീരുമാനം. ആപ് സ്റ്റോറിന്റെയും ഗൂഗ്ൾ പ്ലേസ്റ്റോറിന്റെയും പ്രാദേശിക പതിപ്പുകളിൽനിന്ന് ഡീപ് സീക്ക് നീക്കം ചെയ്തു. സുരക്ഷാ കാരണങ്ങളാൽ ജീവനക്കാർ അവരുടെ ഉപകരണങ്ങളിൽ ഡീപ് സീക്ക് ഉപയോഗിക്കുന്നത് താൽക്കാലികമായി വിലക്കുന്നതായി ദക്ഷിണ കൊറിയയുടെ വ്യാപാര, വ്യവസായ, ഊർജ്ജ മന്ത്രാലയം ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയയും തായ്‌വാനും സർക്കാർ ഉപകരണങ്ങളിൽ ചാറ്റ്‌ബോട്ടിനെ നിരോധിച്ചിട്ടുണ്ട്. അതേസമയം, ഇതിനകം ആപ് ഡൗൺലോഡ് ചെയ്ത ഉപയോക്താക്കളെ നടപടി ബാധിക്കില്ല. ആപ്ലിക്കേഷൻ ഒഴിവാക്കാനും അല്ലെങ്കിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ വ്യക്തിഗത വിവരങ്ങൾ നൽകാതിരിക്കാനും ഉപയോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 12 ലക്ഷം സ്മാർട്ട്ഫോൺ ഉപയോക്താക്കളാണ് ദക്ഷിണ കൊറിയയിൽ ഡീപ് സീക്ക് ഉപയോഗിക്കുന്നത്. ഗൂഗിൾ, ഓപ്പൺഎഐ പോലുള്ള ടെക് ഭീമന്മാർ സൃഷ്ടിച്ച മോഡലുകളുടെ വിലയുടെ വളരെ ചെറിയൊരു ഭാഗം മാത്രം ചെലവഴിച്ച് ചാറ്റ്ബോട്ട് വികസിപ്പിച്ചതായി കഴിഞ്ഞ മാസം പ്രഖ്യാപിച്ചതോടെയാണ് ഡീപ്സീക്ക് ശ്രദ്ധാകേന്ദ്രമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |