അങ്കാറ: തുർക്കിയിൽ പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനെതിരെ രാജ്യ വ്യാപക പ്രതിഷേധം ശക്തം. അഞ്ച് ദിവസത്തിനിടെ 1,133 പേർ അറസ്റ്റിലായി. ഇസ്താംബുൾ മേയറും എർദോഗന്റെ രാഷ്ട്രീയ എതിരാളിയുമായ എക്രെം ഇമാമോഗ്ലുവിനെ അഴിമതിക്കുറ്റം ചുമത്തി ബുധനാഴ്ച അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
രാജ്യത്തെ 81 പ്രവിശ്യകളിൽ 55 എണ്ണത്തിലും പ്രതിഷേധ റാലികൾ അരങ്ങേറി. പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങൾ ദുരുപയോഗിക്കുന്നെന്നും തെരുവുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് അനുവദിക്കില്ലെന്നും സർക്കാർ പ്രതികരിച്ചു.
എർദോഗന്റെ കടുത്ത വിമർശകനാണ് എക്രെം. തനിക്ക് മേലുള്ള കുറ്റം രാഷ്ട്രീയ പ്രേരിതമാണെന്ന് എക്രെം ആരോപിച്ചു. എന്നാൽ എർദോഗൻ ഇത് നിഷേധിച്ചു. ജയിലിൽ തുടരുന്ന എക്രെമിനെ വിചാരണ ചെയ്യും. എക്രെമിന്റെ മേയർ പദവി സസ്പെൻഡ് ചെയ്തെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതിനിടെ പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാർത്ഥിയായി എക്രെമിനെ പ്രഖ്യാപിച്ചു. 2028ലാണ് രാജ്യത്ത് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്. ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ എക്രെമിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |