കൊല്ലം: വിക്ടോറിയ ആശുപത്രിയിലെ താത്കാലിക നിയമനങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചേർന്ന എച്ച്.എം.സി യോഗത്തിലേക്ക് യുവമോർച്ച പ്രവർത്തകർ തള്ളിക്കയറി പ്രതിഷേധിച്ചു. തുടർന്ന് നാല് ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്താൻ തീരുമാനിച്ചു.
വിക്ടോറിയയിൽ വിവിധ വിഭാഗങ്ങളിലായി 73 പേരെയാണ് താത്കാലികാടിസ്ഥാനത്തിൽ എച്ച്.എം.സി നിയമിച്ചിട്ടുള്ളത്. ഇതിൽ ആറ് മാസക്കാലാവധി പൂർത്തിയാക്കിയവർക്ക് ഒരു ദിവസത്തെ ഇടവേള നൽകി പുനർനിയമനം നൽകാനും കൊഴിഞ്ഞുപോയവർക്ക് പകരം പുതിയവരെ അഭിമുഖം നടത്തി നിയമിക്കാനുമാണ് എച്ച്.എം.സി യോഗം ചേർന്നത്. പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ കൊഴിഞ്ഞുപോയവർക്ക് പകരം നേരിട്ട് നിയമനം നടത്താനുള്ള നീക്കം ഉപേക്ഷിച്ചു. പകരം ഈ ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്താൻ തീരുമാനിക്കുകയായിരുന്നു.
വിക്ടോറിയ ആശുപത്രിയിൽ പിൻവാതിൽ നിയമന കാര്യത്തിൽ സി.പി.എം, കോൺഗ്രസ് അംഗങ്ങൾ ഒറ്റക്കെട്ടാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം പറഞ്ഞു. യോഗം തടസപ്പെടുത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശരത്ത് മാമ്പുഴ, ജില്ലാ കമ്മിറ്റി അംഗം അഭിരാം, മണ്ഡലം പ്രസിഡന്റുമാരായ ബിനോയ് മാത്യൂസ്, ജിത്തു, ജനറൽ സെക്രട്ടറിമാരായ എം.എസ്.ആദിത്യൻ, ബാലു ശങ്കർ, സുധി, ദീപു ബാബു, ഷിബു, ബി.ജെ.പി നേതാക്കളായ ശബരിനാഥ്, ശിവപ്രസാദ്, എസ്.ജയൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |