ആലപ്പുഴ: സംസ്ഥാനത്തെ മരുന്ന് നിർമ്മാണ പാെതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (കെ.എസ്.ഡി.പി) സുവർണ്ണജൂബിലി നിറവിൽ. പൊതുജനാരോഗ്യ മേഖലയിലെ അവശ്യമരുന്നുകളിൽ 92ഇനം ഉത്പ്പാദിപ്പിക്കുന്നതിനൊപ്പം ദക്ഷിണേന്ത്യയിൽ സംസ്ഥാനങ്ങൾക്ക് ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്തും റെക്കാഡിട്ടാണ് പ്രവർത്തനം.
2020ൽ കൊവിഡ് പടർന്നുപിടിച്ചപ്പോൾ സാനിട്ടൈസറിന്റെ വില നിയന്ത്രണാതീതമായപ്പോൾ ന്യായവിലയ്ക്ക് സാനിട്ടൈസറും പി.പി.ഇ കിറ്റ്, ഗ്ലൗസ്, എൻ 95 മാസ്‌ക് തുടങ്ങിയവയും വിതരണ ചെയ്ത കെ.എസ്.ഡി.പി വിറ്റുവരവിൽ 122കോടി രൂപയുടെ നേട്ടവും കൈവരിച്ചു.
കാൻസർ പ്രതിരോധ മരുന്നുകൾ കുറഞ്ഞ നിരക്കിൽ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതിയാണ് ഓങ്കോളജി ഫാർമ പാർക്ക്. 231 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2023ൽ പി.രാജീവ് ഓങ്കോളജി ഫാർമ പാർക്കിന്റെ നിർമ്മാണോദ്ഘാടനംനിർവഹിച്ചു.
ഇന്ന് രാവിലെ രാവിലെ 10ന് സുവർണ ജൂബിലി ആഘോഷ പരിപാടികളുടെയും കെ.എസ്.ഡി.പി മെഡിമാർട്ടിന്റെയും ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിക്കും. ചെയർമാൻ സി.ബി.ചന്ദ്രബാബു, കെ.സി.വേണുഗോപാൽ എം.പി, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി .പി.എം.മുഹമ്മദ് ഹനീഷ്, കെ.എസ്.ഡി.പി മാനേജിംഗ് ഡയറക്ടർ ഇ.എ.സുബ്രമണ്യൻ തുടങ്ങിയവർ പങ്കെടുക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച സുവർണ ജൂബിലി ആഘോഷ പരിപാടികളാണ് ഇപ്പോൾ നടത്തുന്നത്
നേട്ടത്തിന്റെ അമ്പത് വർഷങ്ങൾ
1974 - സെപ്റ്റംബർ 12ന് അന്നത്തെ മുഖ്യമന്ത്രി അച്യുതമേനോൻ ഉദ്ഘാടനം ചെയ്തു
1975 - പൂർണതോതിൽ കെ.എസ്.ഡി.പി പ്രവർത്തനം ആരംഭിച്ചു.
2008 - കെ.എസ്.ഡി.പിയുടെ വ്യവസായശാല ആധുനികവൽക്കരണത്തിന് തുടക്കമിട്ടു
2010 - ആന്റിബയോട്ടിക് മരുന്നുകൾക്കായി പ്രത്യേക ബീറ്റാലാക്ടം പ്ലാന്റ് ആരംഭിച്ചു
2017- ഡ്രൈപൗഡർ ഇഞ്ചക്ഷൻ പ്ലാന്റ് ഉദ്ഘാടനം ചെയ്തു
2018 - ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ ലഭിച്ചു
201 9- തന്നെ നോൺബീറ്റലാക്ടം പ്ലാന്റ് ഉദ്ഘാടനം ചെയ്തു.
2023- ഓങ്കോളജി ഫാർമ പാർക്കിന്റെ നിർമ്മാണോദ്ഘാടനം നടന്നു
മരുന്നുകളുടെ ബ്രാൻഡിംഗ്, ഔഷധ നിർമ്മാണത്തിലെ പുതിയ സാങ്കേതിക വളർച്ച ചർച്ച ചെയ്യുന്ന സംവാദങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, കുടുംബ സംഗമം എന്നിങ്ങനെ വിവിധ പരിപാടികളോടെയാണ് സുവർണ ജൂബിലി ആഘോഷം
- സി.ബി.ചന്ദ്രബാബു, ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |