പാലക്കാട്: പൊതുയിടങ്ങളിലെ മാലിന്യം കൃത്യമായി നീക്കം ചെയ്യുന്നുണ്ടോ, നിർദ്ദേശിക്കപ്പെട്ട ദിവസങ്ങളിൽ ഹരിതകർമസേനാംഗങ്ങൾ വീടുകളിലെത്തുന്നുണ്ടോ, ഹെൽത്ത് ഇൻസ്‌പെക്ടർ, എൻഫോഴ്സസ്‌മെന്റ് ടീം എന്നിവരുടെ പരിശോധനകൾ നടന്നോ എന്നിങ്ങനെ നഗരസഭയുടെ ദൈനംദിന ശുചിത്വ പ്രവർത്തനങ്ങൾ അറിയുന്നതിനായി പ്രത്യേക സോഫ്റ്റവെയറുമായി പാലക്കാട് നഗരസഭ. ഡെയലി ആക്ടിവിറ്റി റിപ്പോർട്ടിംഗ് ടെകനോളജി (ഡാർട്ട്) എന്നതാണ് സോഫ്‌റ്റ്‌വെയർ. സ്മാർട്ട് ഇനഫ് സൊലൂഷ്യൻസ് എന്ന കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് പോർട്ടലിന്റെ പ്രവർത്തനം. കേരളത്തിലാദ്യമാണ് ഒരു നഗരസഭ ശുചിത്വപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് പോർട്ടൽ വികസിപ്പിച്ചെടുക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന വൃത്തി കോൺക്ലേവിൽ നഗരസഭ ഇന്ന് സോഫ്‌റ്റ്‌വെയർ പരിചയപ്പെടുത്തും.
സ്മാർട്ടാണ് ഡാർട്ട്
നഗരസഭയ്ക്കുകീഴിലെ 52 വാർഡുകളിലെ ഓരോ സ്ഥലങ്ങളും പോർട്ടലിലുണ്ട്. വാർഡുകളിലെ ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ ഡാർട്ടിൽ ദിവസവും രേഖപ്പെടുത്തേണ്ടത് ചുമതലപ്പെട്ട ഹെൽത്ത് ഇൻസ്‌പെക്ടർമാരാണ്. ഹരിതകർമസേനയ്ക്ക് മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരം ചുമതലപ്പെടുത്തിയ വാർഡുകളിൽ നിന്ന് മാലിന്യം ശേഖരിച്ചിട്ടുണ്ടെങ്കിൽ വിവരം ഹെൽത്ത് ഇൻസ്‌പെക്ടറെ അറിയിക്കണം. ഏതെങ്കിലും കാരണവശാൽ മുഴുവൻ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കാനായില്ലെങ്കിൽ അക്കാര്യവും അറിയിക്കണം. സമാനമായി വിവിധ ഗ്രേഡുകളിലുള്ള ഹെൽത്ത് ഇൻസ്‌പെക്ടർമാർ, എൻഫോഴ്സസ്‌മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനയടക്കമുള്ള ജോലികൾ പൂർത്തീകരിച്ചതും പോർട്ടലിൽ രേഖപ്പെടുത്തണം.
പോർട്ടലിന്റെ പ്രവർത്തനം:-
പബ്ലിക് റെഡ് സ്‌പോട്ട്, പ്രൈവറ്റ് റെഡ് സ്‌പോട്ട്, ഗ്രീൻ സ്‌പോട്ട്, യെല്ലോ സ്‌പോട്ട് എന്നിങ്ങനെ തരം തിരിച്ചാണ് പോർട്ടലിന്റെ പ്രവർത്തനം. മാലിന്യം കൂടിക്കിടക്കുന്നതും മലിനജലം കെട്ടിക്കിടക്കുന്നതുമുൾപ്പെടെ പൊതുസ്ഥലങ്ങളിലെ പ്രശ്നങ്ങൾക്കെതിരെ പരാതി ലഭിച്ചാൽ സമയബന്ധിതമായി നോട്ടീസ് നൽകി സ്ഥലം ഉടമകളെകൊണ്ട് പരിഹാരം കണ്ടെത്തുന്നതുവരെയും പരിശോധനയുണ്ടാകും. പരിഹാരം കണ്ടെത്തുന്നതുവരെ സന്ദേശത്തിലൂടെ ഓർമ്മപ്പെടുത്തലുമുണ്ടായിരിക്കും.
മറ്റുപ്രവർത്തനങ്ങൾ
രാത്രികാലപരിശോധനയ്ക്ക് സ്ക്വാഡ് പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ സമയവും സ്വീകരിച്ച എൻഫോഴ്സ്‌മെന്റ് നടപടികളും രേഖപ്പെടുത്തണം
കന്നുകാലികളെ വളർത്തുന്നവരുടെ പട്ടിക തയ്യാറാക്കി വീടുകളിൽ സന്ദർശനം നടത്തുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി, പരിസരവാസികൾക്ക് ഉപദ്രവകരമല്ലാത്ത രീതിയിലാണ് കന്നുകാലികളെ വളർത്തുന്നതെന്ന് ഉറപ്പുവരുത്തണം
പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നത് കണ്ടെത്തി ഇവിടങ്ങൾ യെല്ലോ സ്പോട്ടായി കണക്കാക്കും
ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളിൽ മാലിന്യം തള്ളാതിരിക്കാൻ നട്ടുപിടിപ്പിക്കുന്ന ചെടികളുടെ പരിപാലനം പരിശോധിക്കണം
നഗരസഭയ്ക്ക് കീഴിലുള്ള 64 മിനി എം.സി.എഫുകളിൽനിന്നും പ്രതിദിനം മാലിന്യം ആർ.ആർ.എഫി.ലേക്ക് പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തി കൃത്യമായി രേഖപ്പെടുത്തണം
മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി ജനങ്ങൾക്കു വേണ്ടി കേരളത്തിലിതുവരെ മറ്റൊരു നഗരസഭയും ചെയ്യാത്ത ഇത്തരമൊരു പോർട്ടൽ വികസിപ്പിച്ചെടുത്തതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്.
പ്രമീള ശശിധരൻ,പാലക്കാട് നഗരസഭ ചെയർപേഴ്സൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |