ആലപ്പുഴ: പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടുന്നതിനും രാസവസ്തുക്കൾ ചേർത്ത മത്സ്യത്തിന്റെ വില്പന തടയുന്നതിനുമായി ജില്ലയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കടുപ്പിച്ചു. 9 ഭക്ഷ്യസുരക്ഷ ഓഫീസർമാരുടെ നേതൃത്വത്തിൽ ഒരുമാസം ശരാശരി 900കേന്ദ്രങ്ങളിൽ പരിശോധന നടത്താനാണ് തീരുമാനം.
കഴിഞ്ഞ നാലുമാസത്തിനുള്ളിൽ 880 കേസുകളിലായി നാല് ലക്ഷംരൂപ പിഴ ഈടാക്കി. 85സാമ്പിളുകൾ പരിശോധനക്ക് സെൻട്രൽ ലാബിലേക്ക് അയച്ചു. മൊബൈൽ ലാബും പ്രതിമാസം ശരാശരി 300 സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്.
തീരത്ത് മത്സ്യലഭ്യത കുറഞ്ഞതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് രാസവസ്തുക്കൾ ചേർത്ത മത്സ്യത്തിന്റെ വരവ് ജില്ലയിൽ വർദ്ധിച്ചു. ഫോർമാലിൻ, അമോണിയ തുടങ്ങിയവ മീനിൽ കലർത്തുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങൾക്ക് മാത്രമല്ല, ജീവഹാനിക്ക് വരെ കാരണമാകാം.
ചെറുകിട മത്സ്യവ്യാപാരികൾക്ക് ഇടനിലക്കാർ വഴിയാണ് ഇത്തരം മത്സ്യങ്ങൾ എത്തിക്കുന്നത്. രാസവസ്തുക്കൾ ചേർക്കുന്ന സങ്കേതങ്ങൾ കണ്ടെത്തിയാൽ മാത്രമേ നിയമനടപടി എടുക്കാനാവുകയുള്ളൂ. ഫോർമാലിൻ സാന്നിദ്ധ്യം ഉടൻ കണ്ടെത്താനുള്ള സ്ട്രിപ്പ് കിറ്റ് ഉപയോഗിച്ചാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. രാസവസ്തു കലർന്നിട്ടുണ്ടെങ്കിൽ 3സെക്കൻഡിനകം സ്ട്രിപ്പിന്റെ നിറം മാറും. സാമ്പിളുകൾ സെൻട്രൽ ലാബിൽ പരിശോധനക്കയച്ച് ഫലം ലഭിച്ചെങ്കിലേ രാസവസ്തു സാന്നിദ്ധ്യം ഉറപ്പിക്കാൻ കഴിയുകയുള്ളൂ.
പിടികൂടുന്നത് ചെറിയ അളവ് മാത്രം
പരിശോധനയിൽ ഒരുമാസത്തിനിടെ 458 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു
ഗോവ,കർണാടക,ആന്ധ്ര,പോണ്ടിച്ചേരി,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ മത്സ്യം എത്തുന്നത്
ഇതിൽ ചെറിയൊരു ഭാഗം മാത്രമാണ് ഭക്ഷ്യസുരക്ഷാവകുപ്പിന് പിടികൂടാൻ കഴിയുന്നത്
സാമ്പിൾ പരിശോധനയിൽ രാസവസ്തു സാന്നിദ്ധ്യം ഉറപ്പാക്കിയാലും നിയമനടപടികളിൽ നിന്ന് കച്ചവടക്കാർ രക്ഷപ്പെടും
രാസവസ്തു ചേർക്കുന്നതിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് ഇവർക്ക് തുണയാകുന്നത്
'ജില്ലയിൽ 9 സർക്കിളുകളിലായി മത്സ്യമാർക്കറ്റുകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കി. വരുംദിവസങ്ങളിലും പരിശോധന തുടരും
- സുബിമോൾ, അസി. കമ്മീഷണർ, ഭക്ഷ്യ സുരക്ഷ വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |