ജില്ലയിൽ വിതരണം 60 ശതമാനമായി
കണ്ണൂർ: അടുത്ത അദ്ധ്യയനവർഷത്തിലേക്കുള്ള 60 ശതമാനത്തോളം പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കിയ ജില്ലയിലെ വിദ്യാഭ്യാസവകുപ്പിന് തലവേദനയായി ബുക്ക് ഡിപ്പോയുടെ അറ്റകുറ്റപ്പണി. റൂഫിംഗ്, ടൈൽസ് തുടങ്ങിയ പണികൾക്കായി ഒരു ഭാഗം പൊളിച്ച് നീക്കിയതിനാൽ ഡിപ്പോ കെട്ടിടത്തിന്റെ വരാന്തയുടെ ഒരു ഭാഗത്തും ക്ലാസ് മുറിയിലുമെല്ലാമായാണ് മഴഭീഷണിക്കിടയിൽ പുസ്തകങ്ങൾ കഷ്ടിച്ച് സൂക്ഷിക്കുന്നത്.
വേനൽമഴ വന്നതോടെ പുസ്തകങ്ങൾ സൂക്ഷിക്കാൻ വലിയ തോതിൽ ബുദ്ധിമുട്ടുന്നുണ്ട്. പുസ്തക വിതരണം ആരംഭിച്ച സമയത്ത് തന്നെ ഡിപ്പോ പൊളിച്ചതാണ് പ്രതിസന്ധിയായത്.പയ്യാമ്പലത്തുള്ള റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിനോട് ചേർന്നാണ് ജില്ലയിലെ പുസ്തകവിതരണ ഡിപ്പോ. ഇവിടേക്ക് എത്തിക്കുന്ന പുസ്തകങ്ങൾ തരം തിരിച്ച് സൊസൈറ്റികളിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. നാലോ അഞ്ചോ സ്കൂളുകൾക്ക് ഒന്ന് എന്ന നിരക്കിൽ ജില്ലയിൽ 324 സൊസൈറ്റികളാണ് ഉള്ളത്.സൊസൈറ്റികളിൽ അദ്ധ്യാപകർ നേരിട്ട് എത്തിയാണ് പുസ്തകങ്ങൾ കൈപ്പറ്റുന്നത്.നിലവിൽ ഡിപ്പോയിൽ പാഠപുസ്തകങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തത് വലിയ പ്രതിസന്ധിയാണ്.അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.
പുസ്തകവിതരണം ഊർജ്ജിതം
ജില്ലയിൽ പുതിയ അദ്ധ്യയനവർഷത്തിലേക്കുള്ള 60 ശതമാനത്തോളം പാഠപുസ്തകങ്ങളുടെ
രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പരിഷ്കരിച്ച പുസ്തകങ്ങളാണ് ഡിപ്പോയിൽ എത്താനുള്ളത്. ഇത് വരും ദിവസങ്ങളിൽ എത്തുമെന്ന് അധികൃതർ പറഞ്ഞു.ഒൻപത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങൾ 75 ശതമാനത്തോളം സൊസൈറ്റികളിൽ എത്തിച്ചു. ഇവിടെ നിന്ന് സ്കൂളുകളിലേക്കെത്തിക്കും. ഒന്നാം വോളിയത്തിൽ 31 ലക്ഷം പുസ്തകങ്ങളാണ് ഡിപ്പോയിൽ എത്തേണ്ടത്. നിലവിൽ 22 ലക്ഷം പുസ്തകങ്ങൾ എത്തി. ഇതിൽ 17 ലക്ഷം പുസ്തകങ്ങൾ സൊസൈറ്റികളിൽ എത്തിച്ചുകഴിഞ്ഞു. എല്ലാ ക്ലാസുകളിലേയും പ്രധാന വിഷയങ്ങൾ സൊസൈറ്റികളിലും എത്തിച്ചിട്ടുണ്ട്.
പുസ്തകവിതരണത്തിൽ കുടുംബശ്രീ
കഴിഞ്ഞ വർഷങ്ങളിലേത് പോലെ ഇപ്രാവശ്യവും 18 കുടുംബശ്രീ പ്രവർത്തകരാണ് ഡിപ്പോയിൽ പുസ്തക വിതരണം നടത്തുന്നത്. സ്കൂൾ തുറക്കുന്നതിന് മുൻപ് പുസ്തകങ്ങൾ കുട്ടികളുടെ കൈയിൽ എത്തിക്കാൻ ജില്ലാ പാഠപുസ്തക ഡിപ്പോ അധികൃതരും കുടുംബശ്രീ പ്രവർത്തകരും ഉത്സാഹിക്കുകയാണ്.പുസ്തകങ്ങൾ എണ്ണി തിട്ടപെടുത്തി അതാത് സൊസൈറ്റികളിലേക്കുള്ളവ കുടുംബശ്രീ പ്രവർത്തകർ വാഹനത്തിൽ കയറ്റി അയക്കും.കാക്കനാടുള്ള കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയാണ് പുസ്തകങ്ങൾ അച്ചടിക്കുന്നത്.
ഡിപ്പോയിലെത്തിയ പുസ്തകങ്ങളുടെ വിതരണം മേയ് രണ്ടാം വാരത്തോടെ പൂർത്തിയാക്കും.ബാക്കിയുള്ള പുസ്തകങ്ങൾ ഡിപ്പോയിലെത്തുന്ന മുറയ്ക്ക് വിതരണം പൂർത്തിയാക്കും.
കെ.വി. ജിതേഷ് ,ജില്ലാ പാഠപുസ്തക ഡിപ്പോ സൂപ്പർവൈസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |