തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ വികസനം രണ്ടു മുതൽ നാലുവരെ ഘട്ടങ്ങൾ പൂർത്തിയാവുമ്പോൾ, 2000 മീറ്റർ ബെർത്തിൽ അഞ്ചു മദർഷിപ്പുകൾ ഒരേസമയം അടുപ്പിക്കാൻ സാധിക്കും.
രണ്ടാംഘട്ടം പൂർത്തിയാക്കിയാൽത്തന്നെ അന്താരാഷ്ട്ര തലത്തിൽ ചരക്കുനീക്കത്തിന്റെ സാദ്ധ്യതകൾ അനുകൂലമാക്കാൻ കഴിയുമെന്ന് സീ പോർട്ട് മാനേജിംഗ് ഡയറക്ടർ ദിവ്യ.എസ്.അയ്യർ പറഞ്ഞു. ഈ മാസം ആരംഭിക്കുന്ന രണ്ടാംഘട്ടത്തിൽ 1200 മീറ്റർ ബർത്ത്, 920 മീറ്റർ പുലിമുട്ട് എന്നിവ നിർമ്മിക്കും. ഇതോടെ ഒരു വർഷം പത്തു ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാവും. ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനവും ഈ ഘട്ടത്തിൽ നടക്കും. ഇവയുടെ നിർമ്മാണവും വൈകാതെ ആരംഭിക്കും. പുതിയ ബെർത്തിന്റെ ഓരോ 100 മീറ്ററിലും ഷിപ്പ് ടു ഷോർ ക്രെയിനുകൾ സ്ഥാപിക്കും. ട്രയൽ റൺ ആരംഭിച്ചപ്പോൾ മുതൽ ലോകത്തെ മികച്ച ഷിപ്പിംഗ് കമ്പനികളുമായി നല്ല ബന്ധം വളർത്താൻ വിഴിഞ്ഞം സീ പോർട്ട് അധികൃതർ ശ്രമിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ കപ്പലടക്കം വിഴിഞ്ഞത്ത് നങ്കൂരമിട്ടത് ഇതുവഴിയാണ്. ഈ ബന്ധം ഊർജസ്വലമാക്കും. ഇനിയുള്ള വികസനഘട്ടങ്ങൾക്ക് ഇടവേളകൾ ഉണ്ടാവില്ലെന്നും ദിവ്യ എസ്.അയ്യർ പറഞ്ഞു.
അതിവേഗം യാർഡുകൾ
കണ്ടെയ്നർ സൂക്ഷിക്കുന്നതിനുള്ള യാർഡുകളുടെ നിർമ്മാണവും ദ്രുതഗതിയിൽ ആരംഭിക്കും. കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്ക് വേണ്ടിയുള്ള റൂട്ടുകൾ കണ്ടെത്തും. തുടർഘട്ടങ്ങൾ വേഗത്തിലാവുന്നതിലൂടെ
2028ൽ എല്ലാം പൂർത്തിയാവും. 2045വരെ ആകുമെന്നാണ് കരാറിൽ പറഞ്ഞിരുന്നത്. നിലവിൽ തുറമുഖത്തെ ക്രെയിൻ ഓപ്പറേഷൻ അടക്കം കൈകാര്യം ചെയ്യുന്നത് വനിതകളാണ്. സ്ത്രീകൾക്കും പ്രാദേശികജനതയ്ക്കും വേണ്ടി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ലോജിസ്റ്റിക്സ് മേഖലയിൽ മാത്രം 10000ലധികം പേർക്ക് തൊഴിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |