36 മണിക്കൂറും തടസങ്ങളൊന്നുമില്ലാതെ പൂരം ആസ്വദിക്കാനാകണം, പൊലീസും ജില്ലാ ഭരണകൂടവും ആഗ്രഹിച്ച പോലെ ഇതുവരെയെല്ലാം ഭംഗിയായി..! രണ്ടുനാൾ മുൻപേ നടന്ന സാമ്പിൾ വെടിക്കെട്ടും കഴിഞ്ഞദിവസം നടന്ന പൂരം വിളംബരവും പൂരം നാളിലെ മഠത്തിൽ വരവും ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കവും കുടമാറ്റവും എല്ലാം ഉഷാർ. പൂരാസ്വാദകരും മേളപ്രേമികളും ആവേശത്തോടെ രാത്രി വെടിക്കെട്ടിന് ഒരുങ്ങുമ്പോൾ ആതിഥേയരുടെ റോളിലെങ്കിലും പൂരപ്രേമിയായി മാറി ഡി.ഐ.ജിയായ ഞാനും.
പൂരത്തിന്റെ എല്ലാ ചടങ്ങിലും പങ്കെടുത്തെങ്കിലും കുടമാറ്റത്തിന്റെ ആവേശമാണ് മനസിൽ. സൂര്യൻ വിടവാങ്ങാൻ മടിച്ച സന്ധ്യയുടെ തെളിഞ്ഞ ആകാശത്തേക്ക് തിരുവമ്പാടിയും പാറമേക്കാവും ആവേശത്തോടെ ഉയർത്തിയ വർണക്കുടകൾ ശരിക്കും മനം നിറച്ചു. കലാകാരന്മാരുടെ ഭാവനയും എൻജിനിയർമാരുടെ കൗശലവും സാങ്കേതിക വിദ്യയുടെ മികവും ചേർന്നപ്പോൾ ഇരുട്ട് പരന്ന ആകാശത്തും വിടർന്നത് ചന്തം !
പാറമേക്കാവ് ഉയർത്തിയ ഭദ്രകാളിയും തെയ്യവും നിലക്കുടകളും ഭഗവതിക്കോലവും മുരുകനും ശിവനും വരാഹി ഭഗവതിയും എല്ലാം ഒന്നിനൊന്ന് വീരം. ചെണ്ട കൊട്ടുന്ന റോബോട്ട് കുടയും ചെമന്ന റെഡ് എൽ.ഇ.ഡി കുടകളും കൽപ്പാത്തി തേര് പോലെയുള്ള കുടകളും എൻജിനിയറിംഗ് മികവ് വെളിപ്പെടുത്തുന്നു. തിരുവമ്പാടിയുടെ ഗണപതിയും അർദ്ധനാരീശ്വരനും ഓണക്കുടയും മാവേലിയും തിരുവമ്പാടി കണ്ണനും മഹാവിഷ്ണുവും ശിവനും മുരുകനും ചുടല ഭദ്രകാളിയും വീര നരസിംഹവും കഥകളിയും ശിവന്റെ ഡമരുവും സുദർശന ചക്രം കറക്കുന്ന കൃഷ്ണനും എല്ലാം ഗംഭീരം.
ഇതേസമയം, സ്‌കൂൾ കലോത്സവത്തിൽ തൃശൂർ ഒന്നാം സ്ഥാനക്കാരായതിനെ അനുസ്മരിച്ച് ആനപ്പുറത്തേറ്റിയ സ്വർണക്കപ്പ് മറ്റൊരാദരം കൂടിയായി. രാത്രിവെടിക്കെട്ടും പകൽപ്പൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപ്പിരിയും വരെ ആസ്വാദകർക്ക് വഴികാട്ടിയായി പൊലീസും കൂടെയുണ്ട്, വർണങ്ങളുടെയും ശബ്ദത്തിന്റെയും കാഴ്ചയുടെയും ഉത്സവം നമുക്ക് ആവോളം ആസ്വദിക്കാം..!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |