മലപ്പുറം: ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും മഴക്കാല രോഗങ്ങൾ പടരുന്നത് തടയുക ലക്ഷ്യമിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മഴക്കാല പൂർവ പരിശോധനയിൽ ജില്ലയിൽ 10 ദിവസത്തിനിടെ നോട്ടീസ് നൽകിയത് 17 സ്ഥാപനങ്ങൾക്ക്. ഇതിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച അഞ്ച് സ്ഥാപനങ്ങൾക്കാണ് പിഴ ഈടാക്കാൻ നോട്ടീസ് നൽകിയത്. ചെറിയ ന്യൂനതകൾ കണ്ടെത്തിയതിനെ തുടർന്ന് അവ തിരുത്താൻ 12 സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. ന്യൂനത പരിഹരിച്ചോ എന്നറിയാനായി ഈ സ്ഥാപനങ്ങളിൽ വീണ്ടും പരിശോധന നടത്തും. മേയ് 11 വരെ 65 സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വെള്ളം ഉൾപ്പെടെയുള്ള 85 സാമ്പിളുകൾ ഭക്ഷണ നിർമ്മാണ ശാലകളിൽ നിന്നും ശേഖരിച്ച് കോഴിക്കോട് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഇവയുടെ പരിശോധനാ ഫലം വന്നിട്ടില്ല. മേയ് രണ്ടിന് ആരംഭിച്ച പരിശോധന 31ന് അവസാനിക്കും.
ഐസ്‌ക്രീം, ജ്യൂസുകൾ, സിപ്പ് അപ്പ് വിൽക്കുന്ന കടകൾ, വഴിയോര കച്ചവട സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, കേക്ക് നിർമ്മാണ ശാലകൾ തുടങ്ങി ഭക്ഷണ നിർമ്മാണവും വിതരണവും നടത്തുന്ന കടകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. കൂടാതെ, ഷവർമ്മ വിൽക്കുന്ന സ്ഥാപനങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉറപ്പ് വരുത്തുന്നുണ്ട്.
.
ശ്രദ്ധ വേണം
എല്ലാ ഭക്ഷണ നിർമ്മാണ വ്യാപാരികളും ലൈസൻസ്, രജിസ്‌ട്രേഷൻ എടുത്തിരിക്കണം. ശീതള പാനീയങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ ശുദ്ധമായ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളിൽ എലി അടക്കമുള്ളവ വരാതിരിക്കാൻ ശ്രദ്ധിക്കണം.
പാഴ്സലുകളിൽ കൃത്യമായി സമയവും തീയതിയും രേഖപ്പെടുത്തണം. ശുചിത്വമുള്ള ചുറ്റുപാടിൽ ഭക്ഷണം വിൽപ്പന നടത്തണം. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സൂക്ഷിക്കണം.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് വേണം വിൽപ്പന നടത്താൻ. അല്ലാത്തപക്ഷം, കർശന നടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരും. ചൂട് കാലമായതിനാൽ ഭക്ഷണം പെട്ടന്ന് കേടുവരാൻ സാദ്ധ്യതയുള്ളതിനാൽ പ്രത്യേകം സൂക്ഷിക്കണം.
സുജിത് പെരേര, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ
ആകെ പരിശോധന - 65
നോട്ടീസ് നൽകിയത് - 17
പരിശോധനയ്ക്ക് അയച്ച സാംപിളുകൾ - 85
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |