മലപ്പുറം: ജില്ലയിൽ നിപ ബാധിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഏഴ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ 14 പേരെയാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ ആകെ 166 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 65 പേർ ഹൈ റിസ്‌കിലും 101 പേർ ലോ റിസ്‌കിലുമാണുള്ളത്. മലപ്പുറം 119, പാലക്കാട് 39, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ഒന്ന് വീതം പേർ എന്നിങ്ങനെയാണ് സമ്പർക്കപ്പട്ടികയിലുള്ളത്. നിലവിൽ ഒരാൾക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. ആറുപേർ ചികിത്സയിലുണ്ട്. ഒരാൾ ഐസിയുവിൽ ചികിത്സയിലാണ്.
നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയിൽ തുടരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേർക്ക് പ്രൊഫൈലാക്സിസ് ചികിത്സ നൽകി വരുന്നു. ഫീവർ സർവൈലൻസിന്റെ ഭാഗമായി ആകെ 4,749 വീടുകളാണ് സന്ദർശിച്ചത്.
പുതുതായി കേസ് റിപ്പോർട്ട് ചെയ്തില്ലെങ്കിലും പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തനങ്ങൾ തുടരാൻ മന്ത്രി നിർദേശം നൽകി. സ്‌കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ അവബോധ പ്രവർത്തനങ്ങൾ ശക്തമായി തുടരാനും നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |