കാളികാവ്: തൊഴിലാളികൾ കടുവാപ്പേടിയിലായതോടെ കാളികാവ് മേഖലയിലെ റബർ ടാപ്പിംഗ് പ്രതിസന്ധിയിലായി. തൊഴിലാളികൾ ജോലിക്കെത്താത്തതിനാൽ പല തോട്ടങ്ങളിലും ടാപ്പിംഗ് നടന്നില്ല. കഴിഞ്ഞ ദിവസം ഒരു തൊഴിലാളിയെ കടുവ കൊന്ന സാഹചര്യത്തിൽ ജോലിക്കു പോകുന്നത് പല കുടുംബങ്ങളും വിലക്കുകയാണ്.
ജില്ലയിലെ ഏറ്റവും വലിയ എസ്റ്റേറ്റായ പുല്ലങ്കോട് റബർ എസ്റ്റേറ്റിലും തൊഴിലാളികൾ കടുത്ത ഭീഷണി നേരിടുന്നുണ്ട്. എസ്റ്റേറ്റിന്റെ നടത്തിപ്പ് പോലും തടസ്സപ്പെടുമോയെന്ന് ആശങ്കയുള്ളതായി മാനേജ്‌മെന്റ് പറയുന്നു
കഴിഞ്ഞ ദിവസം ടാപ്പിംഗ് തൊഴിലാളിയെ കടുവ കൊന്നതോടെയാണ് തൊഴിലാളികളുടെ ഭയം വർദ്ധിച്ചത്. അഞ്ഞൂറോളം പേർ ജോലി ചെയ്യുന്ന പുല്ലങ്കോട് എസ്റ്റേറ്റിൽ നേരത്തെ തൊഴിലാളികളുടെ സംരക്ഷണത്തിനായി സായുധരായ ആളുകളെ കമ്പനി നിയോഗിച്ചിരുന്നു.എന്നാൽ കഴിഞ്ഞമൂന്നു വർഷത്തോളമായി എസ്റ്റേറ്റിലെ തൊഴിലാളികളുടെ സുരക്ഷയ്ക്കു മാത്രം ഉപയോഗിച്ചിരുന്ന മൂന്ന് തോക്കു ലൈസൻസുകൾ അധികാരികൾ ഇതുവരെ പുതുക്കി നൽകിയിട്ടില്ല. ഇതാണ് തൊഴിലാളികളുടെ ഭയത്തിന്റെ പ്രധാന കാരണം. കഴിഞ്ഞ കുറെ കാലമായി ദിനേനയെന്നോണം കടുവയും പുലിയും ആനകളും ഇറങ്ങുന്ന സ്ഥലമാണ് പുല്ലങ്കോട് എസ്റ്റേറ്റ്.പല സന്ദർഭങ്ങളിലായി തൊഴിലാളികൾ പുലിയുടെ മുന്നിൽ നിന്ന് അൽഭുതകരമായാണ് രക്ഷപ്പെട്ടിട്ടുള്ളത്.
ഇപ്പോൾ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന കടുവയെ പിടികൂടുന്നതുവരെ തോട്ടങ്ങളെല്ലാം ഉത്പാദനം നിറുത്തി വയ്ക്കേണ്ട അവസ്ഥയാണുള്ളത്.
2500ഓളം ഏക്കർ വരുന്ന പുല്ലങ്കോട് റബർ എസ്റ്റേറ്റിന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. അന്നുമുതൽ പാരമ്പര്യമായി ഉപയോഗിക്കുന്ന തോക്കുകളാണ് അധികാരികൾ തടഞ്ഞു വച്ചിട്ടുള്ളത്.
സ്വയരക്ഷയ്ക്കായുള്ള നടപടിപോലും സീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. തോക്കുലൈസൻസുകൾ പുതുക്കി നൽകാൻ അധികൃതർ തയ്യാറാകണം.
വി.പി വീരാൻകുട്ടി
എസ്റ്റേറ്റ് അസി. ജനറൽ മാനേജർ
റബ്ബറുൽപ്പാദനം പ്രതിസന്ധിയിലായ പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |