പുറത്തു കൊണ്ടുവന്നത് കേരളകൗമുദി
അന്വേഷണം വ്യാപിപ്പിക്കാൻ നിർദ്ദേശിച്ച് മന്ത്രി
കൊച്ചി: വരുമാനത്തിൽ മുന്നിലുള്ള കളമശേരി, തൃക്കാക്കര നഗരസഭകളിൽ ഓഡിറ്റ് വകുപ്പ് കണ്ടെത്തിയ വൻ ക്രമക്കേടുകളിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കളമശേരിയിലെ കോടികളുടെ ക്രമക്കേട് സംബന്ധിച്ച കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് മന്ത്രി എം.ബി. രാജേഷിന്റെ നടപടി.
തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. സമാന രീതിയിൽ ക്രമക്കേടുകൾ കണ്ടെത്തിയ മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
തൃക്കാക്കര നഗരസഭയുടെ വരുമാനത്തിൽ നിന്ന് 7.50 കോടിയും കളമശേരിയിൽ 2.03 കോടിയുമാണ് അപ്രത്യക്ഷമായത്. ഇത്രയും തുകയ്ക്കുള്ള ചെക്കുകൾ സ്വീകരിച്ചതിന് രണ്ടിടത്തും തെളിവുണ്ടെങ്കിലും പണം അക്കൗണ്ടുകളിലില്ല.
നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ സമാന ക്രമക്കേടുകളുണ്ട്. നടപടി സ്വീകരിക്കണമെന്ന് ഓഡിറ്റ് വകുപ്പ് നിർദേശിക്കാറുണ്ടെങ്കിലും നടപ്പാകാറില്ല. അന്വേഷണം വ്യാപിപ്പിക്കുന്നതോടെ ശതകോടികളുടെ ക്രമക്കേടുകൾ പുറത്തുവന്നേക്കും.
കളമശേരിയിൽ
49,62,613 രൂപയുടെ ഇക്വിറ്റി ഷെയർ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല
30,99,978 രൂപയുടെ ബിറ്റുമിൻ സ്റ്റോക്ക് നീക്കിയിരിപ്പ് കണക്കിലില്ല
78 പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ പലതിനും രജിസ്‌ട്രേഷനില്ല
സരസ് മേളയ്ക്ക് നൽകിയ 20 ലക്ഷത്തിന് ധനവിനിയോഗ സാക്ഷ്യപത്രമില്ല
ബയോ ബിന്നുകൾ വാങ്ങിയതിൽ 1,51,920 രൂപയുടെ ക്രമക്കേട്
നഗരസഭയുടെ കെട്ടിങ്ങൾക്ക് വാടക രജിസ്റ്ററില്ല. വാടക കുടിശിക 18,55,467 രൂപ
സ്വകാര്യ കെട്ടിടങ്ങളുടെ ഉപയോഗം തെറ്റായി രേഖപ്പെടുത്തി. നഷ്ടം കോടികൾ
തൃക്കാക്കരയിൽ
മാലിന്യ സംസ്‌കരണത്തിന് ചെലവിട്ടതിൽ 81.38 ലക്ഷത്തിന് രേഖകളില്ല
പി.എച്ച്.സിക്ക് ലാപ്‌ടോപ്പ് വാങ്ങാൻ 2.34 ലക്ഷം അനുവദിച്ചെങ്കിലും ലാപ്‌ടോപ്പില്ല
ബയോ കമ്പോസ്റ്റർ വിതരണത്തിൽ 35 ലക്ഷത്തിന്റെ ക്രമക്കേട്
ബഡ്ജറ്റ് ബുക്ക് അച്ചടിച്ചത് നാല് ഇരട്ടി തുക നൽകി. (ബുക്കൊന്നിന് 250ന് പകരം 1250 രൂപ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |