കൊച്ചി: എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്‌ടർ ശേഖർകുമാറിനെ കോഴക്കേസിൽ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തതിനെ തുടർന്ന് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം തുടങ്ങി ഇ.ഡി. ചെന്നൈയിലെ സോണൽ സ്‌പെഷ്യൽ ഡയറക്‌ടർ കൊച്ചിയിലെ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടിയെന്ന് സൂചന.
ഇടനിലക്കാരെ ഉപയോഗിച്ച് രണ്ടു കോടി ശേഖർകുമാർ കൈക്കൂലി വാങ്ങിയെന്ന കേസിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ഉൾപ്പെടെ മൂന്നുപേരെ വിജിലൻസ് അറസ്റ്റു ചെയ്‌തത് ഡൽഹിയിലെ ഇ.ഡി ആസ്ഥാനം ഗൗരവത്തിലെടുത്തിട്ടുണ്ട്. കേരളത്തിൽ ഒട്ടേറെ സാമ്പത്തിക തട്ടിപ്പുകേസുകൾ അന്വേഷിക്കുന്ന കൊച്ചി യൂണിറ്റിനെതിരെയുണ്ടായ പരാതിയിൽ വിശദമായ അന്വേഷണം നടത്താനാണ് നീക്കം. അതേസമയം, കേസിനെക്കുറിച്ച് ഇ.ഡി ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
അതിനിടെ, അറസ്റ്റിലായ മൂന്നു പ്രതികളുടെ മൊഴികൾ സ്ഥിരീകരിക്കാൻ രേഖകളും തെളിവുകളും വിലയിരുത്തുകയാണ് വിജിലൻസ്. കൂടുതൽ തെളിവുകൾക്കും വിവരങ്ങൾക്കുമായി വിശദമായ അന്വേഷണം തുടരുകയാണെന്ന് എസ്.പി എസ്.ശശിധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇടനിലക്കാരായ തമ്മനം വട്ടത്തുണ്ടിയിൽ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണുകളിലെ വിവരങ്ങൾ, ബാങ്കിടപാടുകൾ, ബന്ധങ്ങൾ തുടങ്ങിയവ വിജിലൻസ് പരിശോധിക്കുന്നുണ്ട്.
'തറയിൽ ഇരുത്തി,
മോശമായി പെരുമാറി'
ഇ.ഡി ഓഫീസിൽ തനിക്ക് മാനസികപീഡനം നേരിട്ടെന്ന് പരാതിക്കാരനായ കൊട്ടാരക്കര സ്വദേശിയും കശുവണ്ടി വ്യവസായിയുമായ അനീഷ് ബാബു ആവർത്തിച്ചു. ഓഫീസിൽ വിളിച്ചുവരുത്തിയ തന്നെ തറിയിലിരുത്തി. ഉദ്യോഗസ്ഥർ പരുഷമായി പെരുമാറി. വിനോദ്കുമാർ എന്ന ഉദ്യോഗസ്ഥൻ മോശമായി പെരുമാറി. കേസ് ഒഴിവാക്കാൻ മറ്റു പോംവഴികൾ നോക്കണമെന്ന് പറഞ്ഞത് കൈക്കൂലി ആവശ്യപ്പെട്ടതാണെന്ന് അപ്പോൾ മനസിലായില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അഴിമതി ഗുരുതരം:
എം.വി. ഗോവിന്ദൻ
മാനന്തവാടി: കൊച്ചി ഇ.ഡി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ അഴിമതി ഗുരുതരമായ വിഷയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.ഡി ഉദ്യോഗസ്ഥർ അഴിമതിക്കാരായി മാറി. കൊടകര കുഴൽപ്പണക്കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ പേരിലാണ് ആരോപണമുയർന്നിരിക്കുന്നത്. കൊടകരയടക്കം സംസ്ഥാനത്ത് ബി.ജെ.പി നേതാക്കൾ പ്രതികളായ നിരവധികേസുകൾ ഇ.ഡി അട്ടിമറിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വേണം:
സണ്ണി ജോസഫ്
കണ്ണൂർ: രാഷ്ട്രീയ പ്രതിയോഗികളെ പീഡിപ്പിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ഏജൻസിയാണ് ഇ.ഡിയെന്നും അതിലെ ഉദ്യോഗസ്ഥനെതിരായ കൈക്കൂലി ആരോപണത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. കൈക്കൂലിക്കേസിൽ ഇ.ഡി ഉദ്യോഗസ്ഥൻ പ്രതിയായതോടെ വേലി തന്നെ വിളവ് തിന്നുന്നുവെന്ന് ബോദ്ധ്യമായി. ഇത് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |