പാലക്കാട്: സപ്ലൈകോ കരാറുകാരുടെ പണിമുടക്ക് രണ്ടാഴ്ച പിന്നിട്ടതോടെ ജില്ലയിലെ റേഷൻ - വാതിൽപടി വിതരണവും എഫ്.സി.ഐയിൽ നിന്നുള്ള ഭക്ഷ്യധാന്യ നീക്കവും നിലച്ചു. പല റേഷൻകടകളിലും ആവശ്യത്തിനു ഭക്ഷ്യധാന്യമില്ല. റേഷൻ വാങ്ങാനെത്തുന്നവർ തിരിച്ചുപോകേണ്ട അവസ്ഥയാണെന്നും റേഷൻ വ്യാപാരികൾ പറയുന്നു. ജില്ലയിൽ റേഷൻ വാതിൽപടി വിതരണം നടത്തിയ വകയിൽ സപ്ലൈകോ കരാറുകാർക്ക് വാടക ഇനത്തിൽ എട്ടുകോടി രൂപയോളം കുടിശികയുണ്ട്. കുടിശിക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഈ മാസം ആദ്യം മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ലോറി ഉടമകൾക്കും കുടിശിക ലഭിക്കാനുണ്ട്. കുടിശിക ലഭിക്കാതെ ഭക്ഷ്യധാന്യ നീക്കം നടത്താൻ ഇവരും ഒരുക്കമല്ല. ഇതോടെ ഒലവക്കോട് എഫ്.സി.ഐയിൽ നിന്നുള്ള ഭക്ഷ്യധാന്യ നീക്കം പൂർണമായും തടസപ്പെട്ടു. മേയ് മാസത്തേക്കുള്ള വിഹിതമായി എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ സൂക്ഷിച്ച ഭക്ഷ്യധാന്യവും വാതിൽപടി വിതരണം നടത്തിയിട്ടില്ല. ഏപ്രിൽ മാസം മുൻകൂറായി ലഭിച്ച ഭക്ഷ്യധാന്യമാണ് നിലവിൽ റേഷൻകടകൾ വഴി വിതരണം ചെയ്യുന്നത്. ബഫർ സ്റ്റോക്കുകൾ അടുത്ത മാസം പകുതിവരെ വിതരണം ചെയ്യാനാകും എന്ന് അധികൃതർ പറഞ്ഞു.
എന്നാൽ, പല റേഷൻകടകളിലും മേയ് മാസം ലഭിക്കേണ്ട മുൻകൂർ വിഹിതം പൂർണമായും ലഭിച്ചിട്ടില്ലെന്നും വ്യാപാരികൾ പറഞ്ഞു. ഇത്തരം റേഷൻകടകളിലാണു ഭക്ഷ്യധാന്യം തീരെയില്ലാത്തത്. ഇതോടെ റേഷൻ വ്യാപാരികളും കാർഡ് ഉടമകളും തമ്മിൽ പലപ്പോഴും തർക്കങ്ങളുമുണ്ടാകുന്നു.
ജില്ലയിൽ 936 റേഷൻകടകളിലായി എട്ടു ലക്ഷത്തിലേറെ കാർഡ് ഉടമകളുണ്ട്. ഭക്ഷ്യധാന്യം ഉടൻ എത്തിയില്ലെങ്കിൽ റേഷൻ വിതരണം താളം തെറ്റും. അതേസമയം, കുടിശികയുടെ കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും നിലവിൽ റേഷൻ കടകളിൽ ആവശ്യത്തിനു ഭക്ഷ്യധാന്യമുണ്ടെന്നും അധികൃതർ പറഞ്ഞു. ജൂണിലെ റേഷൻ വിഹിതമാണ് എഫ്.സി.ഐയിൽ നിന്നു വാതിൽപടി വിതരണത്തിനായി കൊണ്ടുപോകേണ്ടതെന്നും പറഞ്ഞു.
സപ്ലൈക്കോ കരാറുകാർക്ക് നൽകേണ്ട കുടിശിക ഈ ആഴ്ചതന്നെ പൂർണമായും കൊടുത്തുതീർക്കുമെന്ന് റീജണൽ ഓഫീസ് അധികൃതർ അറിയിച്ചു. തുക ലഭിക്കുന്നതനുസരിച്ച് ഭക്ഷ്യധാന്യ നീക്കം പുനരാരംഭിക്കും. പണിമുടക്ക് ആരംഭിച്ചിട്ട് രണ്ടാഴ്ചയായെങ്കിലും ഇതുവരെയായി റേഷൻ വിതരണത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. നിലവിൽ ഭൂരിഭാഗം റേഷൻ കടകൾക്കും അഡ്വാൻസ് സ്റ്റോക്ക് നൽകിയിട്ടുണ്ട്.
---- ബീന, ബി.എഫ്.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |