ആലപ്പുഴ: അഞ്ചുദിവസത്തിനകം കാലവർഷം ആരംഭിക്കുമെന്ന മുന്നറിയിപ്പുണ്ടായിരിക്കെ ജില്ലയിൽ അമ്പതുശതമാനം പേലും പൂർത്തിയാകാതെ മഴക്കാലപൂർവ ശുചീകരണം. പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ലക്ഷ്യമിട്ട പദ്ധതികൾക്ക് പതിവിലും നേരത്തെയെത്തുന്ന മഴ വിനയാകും.
ആലപ്പുഴയിൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ റെയിൽവേസ്റ്റേഷൻ ഭാഗത്തും കരളകത്തും തോടുകൾ നിറഞ്ഞുകവിഞ്ഞിട്ടും നഗരസഭയുടെ മഴക്കാലപൂർവശുചീകരണം ഇനിയും ടെണ്ടർ ചെയ്യാൻപോലും കഴിഞ്ഞിട്ടില്ല.
വാർഡ് അടിസ്ഥാനത്തിൽ എസ്റ്രിമേറ്റെടുക്കൽ പൂർത്തിയായെങ്കിലും ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിക്കാത്തതിനാൽ വർക്ക് ടെണ്ടർ ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ആസൂത്രണസമിതിയോഗം ഉടൻ ചേർന്ന് അനുമതി നൽകിയാൽ പോലും വർക്ക് ടെണ്ടർ ചെയ്യാൻ വീണ്ടും സമയമെടുക്കും. അതിനിടെ കാലവർഷമെത്തിയാൽ നഗരമാകെ വെള്ളക്കെട്ടിൽ മുങ്ങുകയും ചെയ്യും.
സംസ്ഥാന സ്കൂൾപ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കലവൂരിലാണ് പൊതുമരാമത്ത് വകുപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ റോഡ് ഉയർന്നതോടെ താഴ്ന്ന സ്ഥലങ്ങൾ പലതും ഇത്തവണയും വെള്ളക്കെട്ടിലാകും. ദേശീയപാത മുറിച്ച് കടന്നുപോകുന്ന തോടുകൾ മണ്ണും മാലിന്യവും നിറഞ്ഞ് നീരൊഴുക്ക് നിലച്ചതും പല സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തിനിടയാക്കും. ജില്ലയുടെ തെക്ക് , കിഴക്കൻ മേഖലകളിലും റോഡുകളുടെ ടാറിംഗുൾപ്പെടെയുള്ള ജോലികൾ മഴയ്ക്ക് മുമ്പ് പൂർത്തിയാക്കേണ്ടതുണ്ട്. ജപ്പാൻ കുടിവെള്ള പദ്ധതിക്ക് പൈപ്പുകൾ സ്ഥാപിച്ച സ്ഥലങ്ങളിലെ റോഡുകളുടെ ടാറിംഗ് ഉൾപ്പെടെ പൂർത്തിയാക്കിയില്ലെങ്കിൽ
യാത്രാദുരിതത്തിന് കൂടി നാട് സാക്ഷ്യം വഹിക്കേണ്ടിവരും.
വീടുകളും കെട്ടിടങ്ങളും വെള്ളക്കെട്ടിലാകും
1.നഗരത്തിലെ പ്രധാന തോടുകളായ റാണിയും ഷഡാമണിയും ഉൾപ്പടെ ചെറുതും വലതുമായ നൂറോളം തോടുകളും കാനകളുമാണ് വൃത്തിയാക്കാനുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെയും റെയിൽവേയുടെയും ഓടകൾ അവരുടെ സഹായത്തോടെ വൃത്തിയാക്കാമെന്ന് കൗൺസിൽ തീരുമാനിച്ചെങ്കിലും അതും നടപ്പായില്ല
2.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം പണം വിനിയോഗിക്കുന്നതിന് തടസമായതോടെ കഴിഞ്ഞവർഷവും നഗരത്തിലെ കാനകളുടെ ശുചീകരണം യഥാവിധം നടത്താനായില്ല. ഇത്തവണയും ലക്ഷ്യപ്രാപ്തിയിലെത്തിയില്ലെങ്കിൽ റോഡുകളും താഴ്ന്ന സ്ഥലങ്ങളിലെ വീടുകളും വെള്ളക്കെട്ടിലാകും
3. പൊതുമരാമത്ത് വകുപ്പിന്റെ മഴക്കാല പൂർവ ശുചീകരണം ജില്ലയിൽ അമ്പത് ശതമാനമാണ് പൂർത്തിയായത്. റോഡിലെ ഗട്ടറുകൾ ടാർ ചെയ്യുന്ന പ്രവർത്തിയാണ് കുറച്ചെങ്കിലും പൂർത്തിയായത്. ഓടകൾ വൃത്തിയാക്കൽ, അപകടവസ്ഥയിലുള്ള മരങ്ങളും ചില്ലകളും നീക്കം ചെയ്യൽ, കാടുവെട്ടൽ തുടങ്ങിയവ അമ്പതുശതമാനംപോലുമായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |