കോഴിക്കോട്: 'ട്രാൻസ്‌ജെൻഡർ നർത്തകിയല്ല ഞാൻ, നർത്തകി. അതിന്റെ പേരിലുള്ള ഒരു സഹതാപവും വേണ്ട. പദ്മശ്രീയും പെരിയാർ മണിയമ്മൈ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റും, കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്‌കാരവുമൊക്കെ നേടിയത് ട്രാൻസ് ജെൻഡറായതിനാലല്ല. നാൽപതുവർഷമായുള്ള എന്റെ നൃത്തോപാസനയ്‌ക്കാണ് അംഗീകാരം. നൃത്തമാണെന്റെ ജീവിതവും ലോകവും."- രാജ്യം പദ്മശ്രീ നൽകി ആദരിച്ച ഡോ. നർത്തകി നടരാജ് മനസു തുറന്നു.
1964 ജൂലായ് ആറിന് തമിഴ്‌നാട്ടിലെ മധുരയിലാണ് ജനനം. ഇപ്പോൾ ലോകപ്രശസ്തമായ 'വെള്ളിയമ്പലം സ്‌കൂൾ ഒഫ് ഡാൻസ്"നടത്തുന്നു. രാജ്യത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഓഫ്‌ലൈനായും ഓൺലൈനായും നൃത്തം പഠിക്കുന്നു. രാജ്യത്തിന് പുറത്ത് 50 കേന്ദ്രങ്ങളിൽ എല്ലാമാസവും വിസിറ്റിംഗ് പ്രൊഫസറായും പോകുന്നുണ്ട്.
എം.ടി. വാസുദേവൻ നായരുടെ ഭാര്യ കലാമണ്ഡലം സരസ്വതിയും മകൾ അശ്വതിയും ഭർത്താവ് എൻ. ശ്രീകാന്തും നടത്തുന്ന കോഴിക്കോട് നൃത്താലയിൽ മൂന്നു ദിവസത്തെ ക്യാമ്പിലെത്തിയതാണ് നർത്തകി നടരാജ്. അസോസിയേഷൻ ഒഫ് ഭരതനാട്യം ആർടിസ്റ്റ്‌സ് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ക്യാമ്പിൽ 30 വിദ്യാർത്ഥികളുണ്ട്.
60 കഴിഞ്ഞിട്ടും ആവേശത്തോടെ നൃത്തോപാസന ?
(ചിരിക്കുന്നു) സുഹൃത്തേ എനിക്ക് 16 വയസാണിപ്പഴും. പിന്നെ നിങ്ങൾ ഗൂഗിളിൽ തെരയുന്ന ജന്മദിനമൊക്കെ തട്ടിപ്പാണ്. നൃത്തം ചെയ്യുന്നവർക്കൊന്നും വയസാകാറില്ല.
ഇത്രയും ഉയരത്തിലെത്തുമ്പോൾ ട്രാൻസ്ജെൻഡർ വിഭാഗത്തിന് എന്ത് സംഭാവനയാണ് നൽകുന്നത് ?
നൃത്തത്തിൽ ട്രാൻസ്ജെൻഡർ വ്യത്യാസമില്ല. ഞാൻ നേരത്തെ പറഞ്ഞതാണ് സഹതപിക്കരുതെന്ന്. പിന്നെ നിങ്ങൾ ചോദിച്ചതുകൊണ്ട് പറയാം. എന്റെ തമിഴ്‌നാട്ടിലെ വിദ്യാലയത്തിൽ നൃത്തം പഠിക്കുന്നവരിൽ 30പേർ ട്രാൻസ്ജെൻഡേഴ്‌സാണ്. നൃത്തം പഠിപ്പിക്കുന്നതിനൊപ്പം അവരുടെ വ്യക്തിത്വ വികസവനം, വിദ്യാഭ്യാസം, തൊഴിൽ എല്ലാം നോക്കുന്നുണ്ട്. ഞങ്ങളുടെ തലമുറ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. പക്ഷ ഇനി വരുന്നവർ അങ്ങനെയാകരുതെന്ന് നിർബന്ധമുണ്ട്.
എം.ടി. വാസുദേവൻ നായരുടെ മകളുടേതാണ് ഈ വിദ്യാലയം..?
നിങ്ങൾക്കൊക്കെ എങ്ങിനെയാണോ അതുപോലെയാണ് ഞങ്ങൾക്കും എം.ടി സർ. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും തമിഴിലുണ്ട്. തുഞ്ചൻപറമ്പിൽ അദ്ദേഹത്തിന് മുന്നിൽ നൃത്തം ചെയ്യാൻ അവസരം കിട്ടിയപ്പോൾ പദ്മശ്രീ നേടിയതിനേക്കാൾ അഭിമാനം തോന്നി.
സുഹൃത്ത് ശക്തി ഭാസ്‌കറാണ് ശക്തിയെന്ന് പറയാറുണ്ട്...?
നാലാം വയസുമുതൽ ഞങ്ങൾ ഒന്നിച്ചാണ്. പഠിച്ചതും വളർന്നതും ട്രാൻസ്ജെൻഡറായതുമെല്ലാം ഒപ്പം. അവളുള്ളതുകൊണ്ടാണ് ഞങ്ങളുടെ നൃത്താലയം ഇത്രയും നന്നായി പോകുന്നത്. ഞാനെവിടെപ്പോകുമ്പോഴും കൂടെ അവളുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |