തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബഡ്ജറ്റ് പാസാക്കാൻ ഗവർണർ ആർ.വി ആർലേക്കർ പങ്കെടുത്ത ബോർഡ് ഒഫ് ഗവേണേസ് (ബി.ഒ.ജി) യോഗം ക്വാറം തികയാതെ പിരിച്ചുവിട്ടു. 54പേരുള്ള സമിതിയിൽ 10പേരേ യോഗത്തിനെത്തിയുള്ളൂ. വിട്ടുനിന്നതിലേറെയും സർക്കാർ നാമനിർദ്ദേശം ചെയ്ത ഭരണ കക്ഷിയിൽപെട്ട അംഗങ്ങളാണ്. വി.സി ഡോ. കെ. ശിവപ്രസാദ് നേരത്തെ വിളിച്ചുചേർത്ത നാല് സിൻഡിക്കേറ്റ് യോഗങ്ങളിൽ ക്വാറം തികയാത്തതിനാൽ ബഡ്ജറ്റ് അംഗീകരിക്കാനായിരുന്നില്ല. ഇതേത്തുടർന്നാണ് ഗവർണറുടെ നിർദ്ദേശപ്രകാരം വി.സി യോഗം വിളിച്ചത്.
ഗവർണർ ആദ്യമായാണ് സാങ്കേതിക സർവകലാശാലാ ബി.ഒ.ജി യോഗത്തിനെത്തിയത്. ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വി.സിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പോലും സർവകലാശാല ഭരണസമിതികൾ എല്ലാ വിഷയങ്ങളും കൂട്ടായി ചർച്ച ചെയ്യുകയാണ് വേണ്ടതെന്നും സാങ്കേതിക സർവകലാശാലയുടെ പ്രവർത്തനങ്ങളിൽ താൻ ദു:ഖിതനാണെന്നും ഗവർണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |