തൃശൂർ: അസൗകര്യങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, ചെറിയൊരു മഴ പെയ്യുമ്പോഴേയ്ക്കും വെള്ളക്കെട്ടിൽ മുങ്ങി. യാത്രക്കാർ ബസിൽ നിന്നും കാൽവയ്ക്കുന്നതു തന്നെ ചെളിക്കുഴിയിലേക്കാണ്. സ്റ്റാൻഡിന്റെ കിഴക്കുഭാഗത്ത് വർക്ക് ഷോപ്പിലും ഓട്ടോറിക്ഷ പാർക്കിംഗിന് മുന്നിലുമാണ് വലിയ വെള്ളക്കെട്ടുളളത്. പടിഞ്ഞാറേ കവാടത്തിലും വെള്ളക്കെട്ടുണ്ട്. യാത്രക്കാർക്കും മറ്റും കടന്നു പോകാൻ, വെള്ളത്തിൽ കല്ലുകൾ ഇട്ടിട്ടുമുണ്ട്. സ്റ്റാൻഡിൽ ബസുകൾ കയറ്റിയിടുന്ന ഇടങ്ങളും പൊട്ടിപ്പൊളിഞ്ഞു. യാത്രക്കാർ കാത്തിരിക്കുന്ന ഇടങ്ങളിലെ നിലവും പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയാണ്. യാത്രക്കാർക്ക് ബാഗുകൾ നിലത്തുവയ്ക്കാൻ കഴിയാത്ത നിലയിലാണ്. ഇരിപ്പിടങ്ങളുടെ ചുവട്ടിലും മഴ വെള്ളം തന്നെ. ഹോട്ടലുകളുടെ മുന്നിലുള്ള സ്ഥലത്ത് മാത്രമാണ് ടൈൽസ് വിരിച്ചിട്ടുള്ളത്. മറ്റുള്ള ഭാഗങ്ങളാണ് കുഴികളായി ശോചനീയമായ അവസ്ഥയിലുള്ളത്.
കാത്തിരിപ്പ് കേന്ദ്രമുണ്ട്, പക്ഷേ...
കാത്തിരിപ്പ് കേന്ദ്രം ഉണ്ടെങ്കിലും അധികം യാത്രക്കാരെ ഉൾക്കൊള്ളാനാവില്ല. മണിക്കൂറിന് നിശ്ചിത ചാർജും ഈടാക്കുന്നുണ്ട്. ഒരു മണിക്കൂറിന് 20 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 10 രൂപയുമാണ് നിരക്ക്. ഇവിടെ തന്നെ സ്ത്രീകൾക്ക് മാത്രം പ്രത്യേകം എ.സി കാത്തിരിപ്പ് കേന്ദ്രവുമുണ്ട്. ഇതിൽ മുലയൂട്ടുന്ന അമ്മമാർക്ക് ഫീഡിംഗ് മുറി ഉണ്ട്. എന്നാൽ ഒരേസമയം കൂടുതൽ അമ്മമാർക്ക് ഈ മുറി ഉപയോഗിക്കാൻ സാധിക്കില്ല. സ്ത്രീകൾക്ക് ഒരുക്കിയിരിക്കുന്ന എ.സി കാത്തിരിപ്പ് കേന്ദ്രത്തിന്റെ കാര്യവും ഇങ്ങനെ തന്നെ. ശൗചാലയങ്ങളിലും ആളുകളുടെ നിരയാണ്. വൃത്തിഹീനവുമാണ്. അനൗൺസ്‌മെന്റ് സംവിധാനം നിലവിലുണ്ടെങ്കിലും വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന ബസുകൾ സ്റ്റാൻഡിൽ വരുന്നതുകൊണ്ട് ബസുകൾ എവിടെയാണെന്നുള്ള ആശങ്കയും യാത്രക്കാരിൽ ഉണ്ട്. സ്റ്റാൻഡ് പൂർണമായും പുതുക്കി പണിയാനുളള ശ്രമങ്ങൾ തുടങ്ങിയിട്ട് വർഷങ്ങളായി. മറ്റൊരു താത്കാലിക സ്റ്റാൻഡ് കണ്ടെത്തുക എന്നതാണ് നിർമ്മാണത്തിന്റെ മുന്നോടിയായുള്ള പ്രാഥമിക വെല്ലുവിളി.
സ്റ്റാൻഡിന്റെ നിർമ്മാണച്ചെലവ്: 20 കോടി
ഒരു ദിവസം തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുന്ന ബസുകൾ: 1,200
ഡിപ്പോയിലെ ബസുകൾ: 61
-എ.ടി.ഒ, തൃശൂർ ഡിപ്പോ, പി.എ.അഭിലാഷ് പ്രതികരിച്ചതിങ്ങനെ.
ഉന്നതതല ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |