തിരുവനന്തപുരം: രാഷ്ട്രീയ പ്രവചനങ്ങൾ അപ്രസക്തമാക്കി, എം.സ്വരാജിനെപ്പോലൊരു കരുത്തനെ സി.പി.എം കളത്തിലിറക്കിയതോടെ നിലമ്പൂരിലെ പോർമുഖം കടുത്തു. തൊട്ടടുത്തുള്ള തദ്ദേശ തിരഞ്ഞെടുപ്പും, പത്ത് മാസം അകലമുള്ള നിയമസഭാ തിരഞ്ഞെടുപ്പും നേരിടുന്നതിനുള്ള ഇടതു പടയൊരുക്കത്തിന്റെ നാന്ദിയാണ് അപ്രതീക്ഷിത സ്ഥാനാർത്ഥിത്വം.
ഇടഞ്ഞു നിൽക്കുന്ന പി.വി. അൻവറിനെ മെരുക്കുന്നതിൽ കോൺഗ്രസും യു.ഡി.എഫും കാട്ടുന്ന ദൃഢത കൂടി കാണുമ്പോൾ നിലമ്പൂരിലെ എൽ.ഡി.എഫ് -യു.ഡി.എഫ് നേർക്കുനേർ പോരാട്ടം തീ പാറും. ബി.ജെ.പി നിലപാട് വ്യക്തമായിട്ടില്ലെങ്കിലും മറ്റു രണ്ട് മുന്നണികൾക്കും വെല്ലുവിളി ഉയർത്താനുള്ള തയ്യാറെടുപ്പ് കാണുന്നില്ല. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും ഇടത് സ്ഥാനാർത്ഥി സ്വരാജും നിലമ്പൂർ ദേശക്കാരാണ്. അൻവറാവട്ടെ തൊട്ടുരുമ്മി നിൽക്കുന്ന ഏറനാട് മണ്ഡല വാസിയും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ നിലമ്പൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ച വ്യക്തിയും.
കാലു വാരി മറു കണ്ടം ചാടിയ അൻവറിന് തിരിച്ചടി നൽകി നിലമ്പൂരിൽ വിജയം നേടിയാൽ അടുത്ത രണ്ട് തിരഞ്ഞെടുപ്പുകളെയും വലിയ ആത്മവിശ്വാസത്തോടെ നേരിടാമെന്നതാണ് ഇടതു കണക്കുകൂട്ടൽ. അൻവർ നിർദ്ദേശിക്കുകയും യു.ഡി.എഫ് നേതൃത്വം നിരാകരിക്കുകയും ചെയ്ത വി.എസ്. ജോയിയുടെ സ്ഥാനാർത്ഥിത്വം യു.ഡി.എഫിന്റെ മുറിപ്പാടാണ്. 2021 ലെ തിരഞ്ഞെടുപ്പിൽ 2700 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർത്ഥി വി.വി. പ്രകാശ് പരാജയപ്പെട്ടത് ചിലരുടെ കാലുവാരൽ കാരണമെന്ന ആരോപണം കുടുംബാംഗങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇതെല്ലാം തങ്ങൾക്ക് അനുകൂലമാവുമെന്ന് ഇടതുപക്ഷം കരുതുന്നു.
എൽ.ഡി.എഫിന്
ആശങ്കയെന്ന്
പാലക്കാട്ടെ തന്ത്രം മാറ്റി, സംസ്ഥാന സെക്രട്ടേറിയറ്റംഗത്തെ മത്സരിപ്പിക്കാൻ
സി.പി.എം തീരുമാനിച്ചത് തങ്ങളുയർത്തുന്ന വെല്ലുവിളി ബോദ്ധ്യപ്പെട്ടതിനാലാണെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നിലമ്പൂർ നഗരസഭയുടെ ആദ്യ ചെയർമാനുമായിരുന്നു. ചലച്ചിത്രകാരൻ കൂടിയായ ഷൗക്കത്തിന് ആര്യാടൻ മുഹമ്മദിന്റെ മകനെന്ന പരിഗണനയുമുണ്ട്. പി.വി.അൻവറിന്റെ വ്യക്തിപരമായ സ്വാധീനം കൂടിയാവുമ്പോൾ കാര്യങ്ങൾ അനുകൂലമാവുമെന്നാണ് അവരുടെ പ്രതീക്ഷ.
യു.ഡി.എഫ്
സൗഹൃമണ്ഡലം
കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ അൻവറിലൂടെ ഇടതുപക്ഷത്തായിരുന്ന മണ്ഡലം യു.ഡി.എഫ് മനസുള്ളതാണ്. 1965-ലെ ആദ്യ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കെ.കുഞ്ഞാലി, ആര്യാടൻ മുഹമ്മദിനെ തോല്പിച്ചിരുന്നു. 67-ലും കുഞ്ഞാലിയിലൂടെ സി.പി.എം വിജയം ആവർത്തിച്ചു. കുഞ്ഞാലി വെടിയേറ്റു മരിച്ചതിനെ തുടർന്ന് 1970 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം എം.പി. ഗംഗാധരൻ ജയിച്ചു. 1977-ൽ ആര്യാടൻ ആദ്യ വിജയം കണ്ടു. 1980 -ൽ ഇടതുപക്ഷത്തിനൊപ്പം നിന്ന കോൺഗ്രസ്(യു) സ്ഥാനാർത്ഥി സി. ഹരിദാസാണ് വിജയിച്ചത്. തോറ്റത് കോൺഗ്രസ് അംഗം ടി.കെ.ഹംസ. തുടർന്ന് നടന്ന ഉപ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് (യു) സ്ഥാനാർത്ഥിയായി മത്സരിച്ച ആര്യാടൻ മുഹമ്മദിനായിരുന്നു വിജയം. 1982-ൽ ഇടതുപക്ഷത്തേക്ക് വന്ന ടി.കെ.ഹംസ, ആര്യാടനെ തോല്പിച്ചു. എന്നാൽ 87 മുതൽ 2011 വരെയുള്ള ആറു തിരഞ്ഞെടുപ്പുകളിൽ വിജയം ആര്യാടനൊപ്പമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |