ഭുവനേശ്വർ: 500 രൂപയുടെ നോട്ടുമഴ കണ്ട് അപ്പാർട്ട്മെന്റിനുതാഴെ നിന്നവർ ഞെട്ടി. വിജിലൻസ് കള്ളപ്പണം പൊക്കാതിരിക്കാൻ ഒഡീഷയിലെ സർക്കാർ ഉദ്യോഗസ്ഥന്റെ അതിബുദ്ധിയായിരുന്നു അതെന്ന് പിന്നീടാണ് അറിഞ്ഞത്. സാക്ഷികൾക്കുമുമ്പിൽ വച്ച് പണം കണ്ടെടുത്ത വിജിലൻസ്, എൻജിനിയറെ കൈയോടെ പൊക്കി. ഒഡീഷയിലെ ഭുവനേശ്വറിൽ ഇന്നലെയാണ് സംഭവം. ഗ്രാമവികസന വകുപ്പിലെ ചീഫ് എൻജിനിയർ വൈകുണ്ഠ നാഥ് സാരംഗിയാണ് പിടിയിലായത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്നാണ് വിജിലൻസ് സാരംഗിയുടെ ഫ്ളാറ്റിലെത്തിയത്. പേടിച്ച സാരംഗി പണമെടുത്ത് എറിയുകയായിരുന്നു.
അംഗുലി, ഭുവനേശ്വർ, സിയുല, പിപ്ലി എന്നിവിടങ്ങളിലെ ഇയാളുടെ വീട്ടിലും ഫ്ളാറ്റുകളിലും ഓഫീസിലും വിജിലൻസ് സംഘം ഒരേസമയം റെയ്ഡ് നടത്തി. രണ്ടു കോടിയിലേറെ രൂപ പിടിച്ചെടുത്തു. ഒരു കോടി രൂപ ഭുവനേശ്വറിലെ ഫ്ളാറ്റിൽ നിന്നും 1.1 കോടി രൂപ അങ്കുളിലെ വീട്ടിൽ നിന്നും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, ഒഡീഷയിൽ മറ്റൊരു കേസിൽ, 20ലക്ഷം രൂപയുടെ കൈക്കൂലി വാങ്ങിയ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറെ സി.ബി.ഐ അറസ്റ്റുചെയ്തു. ഖനി വ്യാപാരിയിൽനിന്ന് 50ലക്ഷം രൂപയാണ് ചിന്തൻ രഘുവംശിയെന്നയാൾ ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |