തൃശൂർ: ഗവ. മോഡൽ ബോയ്‌സ് സ്‌കൂളിൽ പ്രവേശനോത്സവത്തിന് മാറ്റേകി ഏഴാം ക്ലാസുകാരന്റെ ചിത്രപ്രദർശനം. ഒന്നര വയസ് മുതൽ അമൻ ഷസിയ അജയ് അക്രിലിക്ക് നിറങ്ങളാൽ തീർത്ത 40 ചിത്രങ്ങളാണ് മോഡൽ ബോയ്സിലെ ക്ലാസ് മുറിയിൽ ആദ്യദിനത്തിലെത്തുന്ന പുതുകൂട്ടുകാർക്കും രക്ഷിതാക്കൾക്കും ആനന്ദം പകർന്നത്.
കിളികളുടെ ഫ്‌ളാറ്റ്, ഒളിച്ചാപ്രാന്തി, പുഴുവീട്, അസ്തമയം, ഷേഡ്, ട്രീ ഹൗസ് തുടങ്ങിയ ചിത്രങ്ങളും കൂടെ വലിയ ചിത്രമായ ഫോറസ്റ്റും പ്രദർശനത്തിനുണ്ട്. ഒന്നര വയസിൽ കോറിവരച്ച ചിത്രവും 2025ൽ അമന്റെ ഭാവനയിൽ പിറന്ന ഡെസേർട്ടും വിന്റും എല്ലാം ചെറുപ്രദർശനത്തിൽ ഒരുക്കിയിരുന്നു.
ലേബർ ഇന്ത്യയിൽ ആർട്ടിസ്റ്റായിരുന്ന അമ്മ ഷസിയ ചിത്രം വരയ്ക്കുന്നത് കണ്ടാണ് കുഞ്ഞുനാളിൽ തന്നെ അമൻ നിറങ്ങളുടെ ലോകത്തെത്തിയത്.
ഹയർ സെക്കൻഡറി പുസ്തകത്തിന്റെ പുറംചട്ടയായും ഡോ. ടി.എം. തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോൾ 2021 - 22 ബഡ്ജറ്റിന്റെ കവർ ചിത്രമായും അമന്റെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. കൊവിഡ് കാലത്ത് ചിത്രങ്ങൾ വരച്ച് വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയും അമൻ ശ്രദ്ധേയനായിരുന്നു. കേൾക്കുന്ന കഥകളും കാണുന്ന പ്രകൃതിയും ഭാവനയിൽ കാൻവാസിലെ ചിത്രങ്ങളാക്കി മാറ്റുന്ന അമൻ ചിത്രകല പഠിക്കാനായി എവിടെയും പോയിട്ടില്ല. ഇനിയുമേറെ ചിത്രങ്ങൾ വരയ്ക്കണമെന്ന് ആഗ്രഹിക്കുന്ന അമന്റെ ചിത്രപ്രദർശനം ചിത്രകാരിയും ഫൈൻ ആർട്സ് കോളേജിലെ അദ്ധ്യാപികയുമായ കവിത ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |