കൊച്ചി: തീവ്രവാദി ആക്രമണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മോക്‌ഡ്രിൽ സംഘടിപ്പിച്ച് കേരള പൊലീസിന്റെ എലൈറ്റ് ഫോഴ്‌സ് ആയ അവഞ്ചേഴ്‌സ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്. കൊച്ചിയിലെ സ്വകാര്യ ആഡംബര ഹോട്ടലിലായിരുന്നു മോക്‌ഡ്രിൽ. കോസ്റ്റ് ഗാർഡും ഫയർഫോഴ്‌സും ഉൾപ്പെടെ മോക്‌ഡ്രില്ലിന്റെ ഭാഗമായി.
നാലംഗ സംഘം ഒരു കാറിൽ ഹോട്ടലിലേക്കെത്തി സാധാരണ ജനങ്ങളെ ബന്ദികളാക്കുന്ന രീതിയിലായിരുന്നു മോക്‌ഡ്രിൽ. ഭീകരസംഘം ചാടിയിറങ്ങി വെടിയുതിർത്ത് ഭീതി പടർത്തുന്നു. ഹോട്ടൽ അങ്കണത്തിൽ ഉണ്ടായിരുന്നവരെ ബലമായി ബന്ദികളാക്കി. ശേഷം ബന്ദികളുമായി ഹോട്ടലിനുള്ളിലേക്ക് ഇവർ കയറി. തീവ്രവാദികൾ ഹോട്ടലിലെത്തി എന്നറിഞ്ഞ് കേരള പൊലീസിന്റെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് പാഞ്ഞെത്തി. പിന്നീട് കണ്ടത് നിർണായക നീക്കങ്ങളായിരുന്നു.
തീവ്രവാദികളുടെ കണ്ണിൽപ്പെടാതെ ഒരു സംഘം കരയിലൂടെ രഹസ്യമായി ഹോട്ടലിനെ ലക്ഷ്യം വച്ച് പോകുന്നു. മറ്റൊരു സംഘം വെള്ളത്തിലൂടെ എത്തി. തോക്കേന്തിയ ഇവർ ഹോട്ടലിനുള്ളിലെത്തി ബന്ദികളെ രക്ഷിച്ച് പുറത്തെത്തിച്ചു. മൂന്ന് തീവ്രവാദികളെ വെടിവച്ച് വീഴ്‌ത്തി. ഒരാളെ ജീവനോടെ പിടികൂടി. ഏത് തരത്തിലുള്ള ആക്രമണത്തെയും നേരിടാൻ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകൾ ആയിരുന്നു ഈ മോക്‌ഡ്രില്ലിലൂടെ ഉദ്ദേശിച്ചത്.
ഹോട്ടലിന് പുറത്ത് സർവസജ്ജമായി പൊലീസും ഫയർഫോഴ്‌സും ഉണ്ടായിരുന്നു. ഇവർക്ക് പുറമേ ദ്രുത കർമസേനയും ബോംബ് സ്‌ക്വാഡും മോക്ഡ്രില്ലിന്റെ ഭാഗമായി. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് തന്ത്രപ്രധാന മേഖലകളിൽ പൊലീസിനെ കൂടി ഉൾപ്പെടുത്തിയുള്ള തയ്യാറെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |