തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഫാം ഫെഡിന്റെ തകർച്ചയ്ക്ക് പിന്നിൽ ജീവനക്കാർ തമ്മിലുള്ള തർക്കമെന്ന് സ്ഥാപനത്തിന്റെ മേധാവികൾ. നിക്ഷേപം കൊണ്ടുവരുന്ന ജീവനക്കാർക്ക് വലിയ ഇൻസെന്റീവുകൾ നൽകിയിരുന്നു.
ഓൺലൈൻ ചാനൽ,സൂപ്പർമാർക്കറ്റുകൾ,കൃഷി,പ്ലാന്റേഷൻ തുടങ്ങി എട്ട് മേഖലകളിലാണ് പണം ചെലവഴിച്ചത്. എന്നാൽ ഓൺലൈൻ ചാനൽ അടക്കമുള്ളവ വൻ നഷ്ടമുണ്ടാക്കി.
സ്ഥാപനത്തിന്റെ സാമ്പത്തികസ്ഥിതി ചില ജീവനക്കാർ വേണ്ടപ്പെട്ട നിക്ഷേപകരെ അറിയിച്ചതോടെ നിക്ഷേപത്തുക തിരികെയാവശ്യപ്പെട്ട് കൂടുതൽ പേർ രംഗത്തെത്തി. ആദ്യം വന്ന നിക്ഷേപകർക്ക് 6 കോടിയോളം രൂപ നൽകി. പിന്നീട് 10 കോടിയോളം തിരികെയാവശ്യപ്പെട്ട് കൂടുതൽ പേരെത്തി.ഇത് നൽകാനാവാതെ വന്നതോടെയാണ് സ്ഥിതി രൂക്ഷമായതെന്നും ചെയർമാൻ രാജേഷ് പിള്ള, എം.ഡി അഖിൻ ഫ്രാൻസിസ് എന്നിവർ പൊലീസിനെ അറിയിച്ചു.
390 കോടിയോളം നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ ഫാം ഫെഡ് (സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി) മേധാവികളെ കഴിഞ്ഞ ദിവസമാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. 5 ദിവസത്തേയ്ക്കാണ് കസ്റ്റഡി കാലാവധി. ഇവരെ ഇന്നലെ കാക്കനാട്ടുള്ള സ്ഥാപനത്തിന്റെ പ്രധാന ഓഫീസിലും വീട്ടിലുമെത്തിച്ച് തെളിവെടുത്തു. വരും ദിവസങ്ങളിൽ തൃശൂരിലെ സ്ഥാപനങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. നിക്ഷേപങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |