കണ്ണൂർ: സപ്താത്ഭുതങ്ങളിൽ പ്രധാനമായ ചൈനീസ് വൻമതിലിന് മുകളിൽ അഭിമാനകലയായ തിരുവാതിരയുടെ ചുവടുവച്ച് ഒരു സംഘം മലയാളിവനിതകൾ. ബിജിംഗിൽ നിന്ന് രണ്ടര മണിക്കൂർ യാത്ര ചെയ്ത് എത്തിചേർന്ന വൻമതിലിലെ എൻട്രി പോയിന്റിലാണ് മുൻ അദ്ധ്യാപികയായ കണ്ണൂർ പൊടിക്കുണ്ട് സ്വദേശിനി ഹിമയുടെ നേതൃത്വത്തിലാണ് പരമ്പരാഗത തിരുവാതിരവേഷം ധരിച്ച് ചുവടുവച്ച് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ ടൂറിസ്റ്റുകൾക്കടക്കം കൗതുകം പകർന്നത്.
കേരളത്തിലെ ഒൻപത് ജില്ലകളിൽ നിന്നായി യാത്രാനന്ദ ട്രാവൽ ഫ്യൂഷൻ വഴി ചൈന സന്ദർശനത്തിനെത്തിയ സംഘത്തിലെ വനിതകളാണ് പാർവണേന്ദുമുഖീ പാർവതി... എന്ന പാട്ടിനൊപ്പം തിരുവാതിര ആടിയത്.
യാത്ര തുടങ്ങും മുൻപേ ട്രാവൽ ഏജൻസി എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. എന്നും ഓർക്കാനുള്ള ഒരു മുഹൂർത്തം എന്ന നിലയിലാണ് ഹിമ വൻമതിലിന് മുകളിൽ കേരളീയ വേഷത്തിൽ ഒരു ഫോട്ടോ ഷൂട്ട് എന്ന ആശയം പങ്കുവച്ചത്.യാത്രാസംഘത്തിലെ വനിതകളുടെ ചർച്ച അവസാനം തിരുവാതിരയിലെത്തുകയായിരുന്നു. അജിത സുലജ, ഡോ.സുശീലാമ്മ, ശ്രീജ, ലത, ഗീത തുടങ്ങിയവരുടെ നേതൃത്വത്തിൽ പത്തു പേരാണ് തിരുവാതിര ആടിയത്.
ചൈനീസ് ടൂറിസ്റ്റുകളും വിദേശ യാത്രികരും കേരളീയ നൃത്തത്തെ സ്വീകരിച്ചുവെന്ന് ഹിമ പറഞ്ഞു. കൗതുകം കൊണ്ട് അടുത്ത് കൂടിയ ചിലർ സെൽഫിയെടുത്തു.ആറുമീറ്റർ നീളമുള്ള സാരി എങ്ങനെ ഉടുക്കുന്നു എന്നതിലായിരുന്നു പലർക്കും അത്ഭുതം. പിന്ന് കുത്തുന്നുണ്ടോയെന്നും ഒട്ടിക്കുന്നതാണോയെന്നൊക്കെയായിരുന്നു സാരിയെക്കുറിച്ചുള്ള പ്രധാന സംശയം.മേയ് 6 ന് യാത്ര പുറപ്പെട്ട് 12ന് വൻമതിലിലെത്തിയതായിരുന്നു 38 പേരടങ്ങുന്ന മലയാളി സംഘം.
ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ഒരു നിമിഷം. ചൈന യാത്രക്ക് ഒരുങ്ങിയപ്പോൾ മുതൽ മനസ്സിൽ വൻമതിൽ ഒരു സ്വപ്നമായിരുന്നു. ലോക മഹാത്ഭുതങ്ങളിൽ ഒന്നായി പാഠപുസ്തകങ്ങളിൽനിന്നും കേട്ടറിഞ്ഞ മഹാസൃഷ്ടി നേരിൽ കാണാനുള്ള കൗതുകമായിരുന്നുഅവിടെ മലയാളത്തിന്റെ മണമുള്ള പാട്ടിന് ചുവടുകൾ വച്ചത് മറക്കാനാകാത്ത അനുഭവമായി-ഹിമ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |