ആലപ്പുഴ: ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാനത്ത് നിരോധിച്ച പഞ്ഞിമിഠയി (കോട്ടൺ കാൻഡി) വില്പന ജില്ലയിൽ വ്യാപകം. കായംകുളം റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ഹരിപ്പാട് എന്നിവിടങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി പഞ്ഞിമിഠയി വില്പന നടത്തുന്നുണ്ട്. കുട്ടികൾ വേഗത്തിൽ ആകൃഷ്ടരാകുന്ന പഞ്ഞിമിഠായി, ക്യാൻസറിന് വരെ കാരണാകാം എന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധിച്ചത്. പിങ്ക് നിറമാണ് മിഠായിയിലെ വില്ലൻ.
ക്യാൻസറിന് കാരണമാകുന്ന റോഡമിൻ ബി, മിഠായിയിൽ നിറത്തിനായി ചേർക്കുന്നുണ്ടെന്ന് എറണാകുളം, കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ലാബുകളുടെ റിപ്പോർട്ടുകളെ തുടർന്നായിരുന്നു നിരോധനം.
കൃത്രിമ നിറം ചേർത്ത പഞ്ഞിമിഠായുടെ നിർമ്മാണം, സംഭരണം, വിതരണം, വില്പന എന്നിവ നിരോധിച്ചാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഉത്തരവിറക്കിയത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നിരോധിച്ചതിന് പിന്നാലെയായിരുന്നു സംസ്ഥാനത്തെയും നടപടി.
പഞ്ചസാരയാണ് മിഠായിയിലെ പ്രധാന ചേരുവ. ഗ്രൈൻഡർ പോലുള്ള യന്ത്രത്തിൽ പഞ്ചസാരയിട്ട് കറക്കിയെടുത്താണ് നൂൽ പോലെയാക്കുന്നത്. നിറത്തിനായി റോഡമിൻ ബി ഉൾപ്പടെയുള്ള രാസവസ്തുക്കളാണ് ചേർക്കുക. മുമ്പ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തി നിർമ്മാണം തടഞ്ഞിരുന്നു. എന്നിട്ടും വിപണിയിൽ സുലഭമായതിനെ തുടർന്നാണ് നിരോധനം. ഇനിയും വിറ്റാൽ ക്രിമിനൽ കേസും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നടപടികളും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു.
റോഡാമിൻ ബി എന്ന വില്ലൻ
1.ടെക്‌സൈൽ, ലെതർ, കോസ്‌മെറ്റിക് ഉത്പാദനത്തിന് ഉപയോഗിക്കുന്ന സിന്തറ്റിക് നിറമാണ് റോഡമിൻ ബി. ഇവ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിട്ട് ഒഫ് ഇന്ത്യ നിരോധിച്ചിട്ടുണ്ട്
2.മനംപിരട്ടലും ഛർദ്ദിയും മുതൽ വയറിളക്കം, ക്യാൻസർ, ഹൃദ്രോഗങ്ങൾ, വൃക്ക, കരൾ രോഗങ്ങൾ, ഹോർമോൺ പ്രശ്‌നങ്ങൾക്ക് വരെ ഈ സിന്തറ്റിക് നിറം വഴിയൊരുക്കുമെന്നാണ് കണ്ടെത്തൽ
3.ഉത്തരേന്ത്യക്കാരാണ് വ്യാപകമായി മിഠായി കുടിൽ വ്യവസായമായി നിർമ്മിക്കുന്നതും കേരളത്തിൽ വിൽക്കുന്നതും.യാതൊരുവിധ ലൈസൻസും ഇല്ലാത്ത ഇവർക്കെതിരെ നടപടികൾ എളുപ്പമല്ല.പരിശോധനാ റിപ്പോർട്ട് വരുമ്പോഴേക്കും ഇവർ നാടുവിട്ടിട്ടുണ്ടാകും
4.കേരളത്തിൽ കൂടുതലും പിങ്ക് നിറത്തിലെ പഞ്ഞിമിഠായിക്കാണ് ഡിമാൻഡ്. ചില ഹോട്ടലുകളിലും വിവാഹ സത്കാരങ്ങളിലും സ്വകാര്യ പരിപാടികളിലും തത്സമയം പഞ്ഞിമിഠായി ഉണ്ടാക്കി നൽകാറുണ്ട്
നിരോധനമേർപ്പെടുത്തിയ പഞ്ഞിമിഠായി വില്പനയ്ക്ക് എത്തിയത് അന്വേഷിക്കും. രാസവസ്തു കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും.
- വൈ.ജെ. സുബിമോൾ, അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |