തൃശൂർ: ഒരു കാലത്ത് ജനപങ്കാളിത്തം കൊണ്ട് സമ്പന്നമായ ഗ്രാമസഭകൾ ക്വാറം പോലും തികയാതെ ആളില്ലാസഭകളായി മാറുന്നു. മൊത്തം വോട്ടർമാരുടെ പത്ത് ശതമാനമെങ്കിലും ഉണ്ടെങ്കിൽ മാത്രമാണ് സഭകളിൽ ക്വാറം തികയു. ക്വാറം തികഞ്ഞില്ലെങ്കിൽ ഗ്രാമസഭ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നാണ് ചട്ടം. എന്നാൽ ഭൂരിഭാഗം പേരും ക്വാറം തികയാതെ തന്നെയാണ് പലപ്പോഴും ഗ്രാമസഭകൾ ചേരുന്നത്. പിന്നീട് ക്വാറം തികയ്ക്കുന്നതിനാവശ്യമായ എണ്ണം പേരെഴുതി ചേർത്ത് ചട്ടപ്രകാരമാക്കുകയാണ്. ഒരോ വാർഡിലും ഏറ്റവും കുറഞ്ഞത് ആയിരം വോട്ടർമാരെങ്കിലും ഉണ്ടാകും. അങ്ങനെയെങ്കിൽ നൂറു പേർ എത്തിയാൽ മാത്രമാണ് ഗ്രാമസഭ ചേരേണ്ടത്. പല വാർഡുകളിലും അമ്പത് പേർ പോലും പങ്കെടുക്കാത്ത സഭകളുണ്ട്. പല സ്ഥലങ്ങളിലെ ഗ്രാമസഭകളിലും കുടുംബശ്രീ പ്രവർത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിർബന്ധപൂർവ്വം എത്തിക്കുകയാണ് പതിവ്.
ചർച്ചകളും നിർജ്ജീവം
ഗ്രാമസഭകളിലൂടെ രൂപപ്പെടുന്ന കാര്യങ്ങളായിരുന്നു വാർഡിന്റെ വികസന അജണ്ടയിൽ ഉൾക്കൊള്ളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചർച്ചകൾ പോലും നിർജ്ജീവമാണ്. ഗ്രാമസഭകളുടെ ആരംഭത്തിൽ ക്രിയ്താമകമായ ചർച്ചകൾ നടക്കും.കൂടാതെ പ്രത്യേക സമിതികൾ രൂപീകരിച്ച് ചർച്ചകൾ ചെയ്താണ് ഗുണഭോക്താക്കളെ നിശ്ചയിച്ചിരുന്നത്. എന്നാൽ ചട്ടപ്രകാരം ഇതെല്ലാം ഉണ്ടെങ്കിലും എല്ലാ പ്രഹസനമായി മാറിയിരിക്കുകയാണ്. ഗുണഭോക്തൃ ലിസ്റ്റുകൾ പോലും പല ഗ്രാമസഭകളിലും വായിക്കുന്നില്ല.
അവസാനത്തെ ഗ്രാമസഭകൾ
നിലവിലെ പഞ്ചായത്ത് ഭരണസമിതിയുടെ കാലവധി തീരാൻ മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ നടന്നു കൊണ്ടിരിക്കുന്നത് ഈ ഭരണ സമിതികളുടെ അവസാനത്തെ ഗ്രാമസഭകളാണ്. മൂന്നു മാസത്തിലൊരിക്കൽ ഗ്രാമസഭകൾ ചേരണമെന്നാണെങ്കിലും ആറുമാസം വരെ ആകാം എന്നുള്ളതിനാൽ എല്ലാ പഞ്ചായത്തുകളിലും ആറുമാസത്തിലൊരിക്കൽ മാത്രമാണ് കൂടുന്നതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |