തിരുവനന്തപുരം: കുതിച്ചുയർന്ന് പൊതുവിപണിയിൽ ചിക്കൻ വില. രണ്ടാഴ്ചയ്ക്കിടെ കൂടിയത് കിലോയ്ക്ക് 60 രൂപവരെ. നേരത്തെ വില 110 രൂപയായിരുന്ന ലൈവ് ചിക്കന് ഇപ്പോൾ കിലോയ്ക്ക് 160-170 രൂപ. കാലവർഷക്കാലത്തെ മത്സ്യക്ഷാമവും കപ്പൽ മുങ്ങിയതിനെ തുടർന്നുള്ള കടൽമലിനീകരണ ഭീതിയുമൊക്കെ മുതലെടുത്താണ് ചിക്കൻ വിലക്കയറ്റം. കെപ്കോയിൽ ഒരു കിലോ ഫ്രഷ് ചിക്കന് (ഡ്രസ്ഡ്) 230 രൂപയാണ് വില. സ്വകാര്യ ബ്രാൻഡഡ് ചിക്കന് 289-299 രൂപ വരെയുണ്ട്.
കൃത്രിമക്ഷാമമെന്ന് കച്ചവടക്കാർ
കോഴിഫാമുകൾ കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് അനാവശ്യമായി വില വർദ്ധിപ്പിക്കുകയാണെന്ന് കച്ചവടക്കാർ ആരോപിക്കുന്നു.
സംസ്ഥാനത്ത് ബ്രോയിലർ കോഴികളുടെ ഉത്പാദനം കുറഞ്ഞത് കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ലോബികൾ മുതലെടുക്കുകയാണെന്നും വ്യാപാരികൾ പറയുന്നു. കോഴി വളർത്തലിന്റെ പ്രധാന കേന്ദ്രമായ തമിഴ്നാട്ടിലെ പല്ലടത്ത് നിന്നാണ് കൂടുതലും കോഴികൾ എത്തുന്നത്.
പ്രാദേശികാടിസ്ഥാനത്തിൽ കോഴിഫാമുകൾ ഉണ്ടെങ്കിലും അടുത്തിടെ നിരവധിപേർ ഉത്പാദനത്തിൽ നിന്നും പിന്മാറിയിരുന്നു. ഇതോടെ ഉത്പാദനത്തിലുണ്ടായ കുറവും വിലവർദ്ധനയ്ക്ക് കാരണമായി. ഒൻപതുമുതൽ ട്രോളിംഗ് നിരോധനം വരുന്നതോടെ മത്സ്യലഭ്യത കുറയും. ഇതോടെ ചിക്കൻവില വീണ്ടും കൂടിയേക്കും.
9-10 ലക്ഷം
സംസ്ഥാനത്ത് ഒരു ദിവസം വിൽക്കപ്പെടുന്ന കോഴികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |