നെയ്‌റോബി: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ചവരിൽ അഞ്ച് പേർ മലയാളികളെന്ന് റിപ്പോർട്ടുകൾ. പാലക്കാട് സ്വദേശി റിയ (41), മകൾ ടൈറ (7), തൃശൂർ സ്വദേശികളായ ജസ്ന, മകൾ റൂഹി മെഹ്റിൻ, തിരുവല്ല സ്വദേശി ഗീത സോജി ഐസക് എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. ഇവർ കെനിയയിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ഇരുപത്തിയെട്ടംഗ ഇന്ത്യൻ സംഘമാണ് ബസിലുണ്ടായിരുന്നത്. അതിൽ പതിനാലുപേർ മലയാളികളായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. നൂറ് മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. കനത്ത മഴയിൽ ബസിന്റെ നിയന്ത്രണം നഷ്ടമായതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |