പാരീസ്: 25ലധികം ത്രില്ലർ നോവലുകളിലൂടെ ലക്ഷക്കണക്കിന് വായനക്കാരുടെ ഹൃദയംകവർന്ന ബ്രിട്ടീഷ് എഴുത്തുകാരൻ ഫ്രെഡറിക് ഫോർസിത്തിന് (86) വിട. വാർദ്ധക്യസഹചമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്ചയായിരുന്നു അന്ത്യം. ദി ഡേ ഓഫ് ദി ജാക്കൽ, ദ ഒഡേസ ഫയർ, ദ ഡോഗ്സ് വാർ, ദ ഫോക്സ് തുടങ്ങി ഒട്ടനവധി രചനകൾ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടു.
2015ൽ ഇറങ്ങിയ ‘ദ ഔട്ട്സൈഡർ: മൈ ലൈഫ് ഇൻ ഇൻട്രീഗ്’ ആത്മകഥയാണ്. പത്രപ്രവർത്തകനും മുൻബ്രിട്ടിഷ് ഇന്റലിജൻസ് ഉദ്യോഗസ്ഥനുമായ അദ്ദേഹത്തിന്റെ അനുഭവങ്ങൾ നോവലിന്റെ പ്രമേയങ്ങളായി.
1938ൽ ഇംഗ്ലണ്ടിലെ കെന്റിൽ ജനിച്ച ഫോർസിത്ത്, റോയൽ എയർഫോഴ്‌സിന്റെ പൈലറ്റായിരുന്നു. പിന്നീട് മാദ്ധ്യമപ്രവർത്തനത്തിലേക്ക്. 1962ൽ ഫ്രഞ്ച് പ്രസിഡന്റ് ചാൾസ് ഡി ഗല്ലെയുടെ വധശ്രമം ഉൾപ്പെടെയുള്ള സംഭവങ്ങൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
31-ാം വയസിൽ മാദ്ധ്യമപ്രവർത്തനത്തിൽ നിന്ന് ഇടവേളയെടുത്താണ് ആദ്യ നോവലായ 'ദ ഡേ ഓഫ് ദ ജക്കാൾ" എഴുതിയത്. വലതുപക്ഷ തീവ്രവാദികൾ ഫ്രഞ്ച് പ്രസിഡന്റ് ചാൾസ് ഡി ഗല്ലിനെതിരെ നടത്തിയ വധശ്രമം പ്രമേയമായ ഈ പുസ്തകം 35 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. 1971ൽ നോവൽ പുറത്തിറങ്ങിയപ്പോൾ വൻവിജയം. ഇത് പിന്നീട് സിനിമയായി. ഫോർസിത്തിന്റെ പതിനെട്ടാമത്തെ നോവലായ "ദി ഫോക്സ്" 2018ലാണ് പ്രസിദ്ധീകരിച്ചത്.
2006ൽ അദ്ദേഹമെഴുതിയ ദ അഫ്ഗാൻ എന്ന നോവലിൽ കേരളത്തെക്കുറിച്ചുള്ള പരാമർശം വിവാദമായിരുന്നു. ഒരുകാലത്ത് കമ്മ്യൂണിസത്തിന്റെ കേന്ദ്രമായിരുന്ന കേരളം പിന്നീട് ഭീകരത വളരുന്ന പ്രദേശമായി എന്നായിരുന്നു പരാമർശം. ആ നോവലിലെ രണ്ടു ഭീകരരെ മലയാളികളായ കഥാപാത്രങ്ങളായാണ് അദ്ദേഹം ചിത്രീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |