□ശേഖർ കുമാറിനെ തത്കാലം അറസ്റ്റ് ചെയ്യരുത്
കൊച്ചി: വിജിലൻസ് കേസിൽ പ്രതിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാർ ഫയൽഹചെയ്ത മുൻകൂർ ജാമ്യ ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. ഹർജിയിൽ വിശദീകരണത്തിന് സർക്കാർ സമയം തേടിയതിനെത്തുടർന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിർദ്ദേശം. മുൻകൂർ ജാമ്യ ഹർജിയിൽ വിശദീകരണത്തിന് കൂടുതൽ സമയം തേടുന്നതിനെ കോടതി വിമർശിച്ചു. ഹർജി 17ന് വീണ്ടും പരിഗണിക്കും. അതു വരെ ഹർജിക്കാരനെ അറസ്റ്റ് ചെയ്യരുത്.
കള്ളപ്പണക്കേസ് ഒതുക്കാൻ ഇടനിലക്കാരൻ വഴി രണ്ടു കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നാരോപിച്ച് കശുഅണ്ടി വ്യവസായി അനീഷ്ബാബു നൽകിയ പരാതിയിലാണ് ശേഖറിനെതിരേ വിജിലൻസ് കേസെടുത്തത്. കേസ് കെട്ടിച്ചമച്ചതാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പി. വിജയഭാനു വാദിച്ചു.കുറഞ്ഞ വിലയ്ക്ക് കശുഅണ്ടി ഇറക്കുമതി ചെയ്ത് നൽകാമെന്നു പറഞ്ഞ് പല വ്യാപാരികളിൽ നിന്നായി കോടികൾ തട്ടിയ കേസിൽ ഇ.ഡിയുടെ അന്വേഷണം നേരിടുന്നയാളാണ് അനീഷ്. ഇയാളുടെ മുൻകൂർ ജാമ്യഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |