വടക്കാഞ്ചേരി : നഗരസഭയിലെ പുതുരുത്തിയിൽ വീടുകളിൽ കുടിവെള്ളമെത്തുക സമ്പൂർണ്ണമായി സൗരോർജത്തിൽ. വൈദ്യുതി വകുപ്പിന് വൈദ്യുതി വിൽക്കുന്ന നാടായും പുതുരുത്തി ഇതോടെ മാറി. അഴിമുഖം റോഡിൽ പാടശേഖരത്തോട് ചേർന്നുള്ള പുതുരുത്തി ശുദ്ധജല വിതരണ സംഘത്തിന്റെ മോട്ടോറാണ് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നത്. മാസം ആയിരം യൂണിറ്റോളം വൈദ്യുതിയിൽ മോട്ടോറുകൾ പ്രവർത്തിപ്പിക്കും. 500 -800 യൂണിറ്റോളം വൈദ്യുതി വകുപ്പിന് കൈമാറും.
ആ വകയിൽ 2000 രൂപയോളം കുടിവെള്ള സമിതിക്ക് ലഭിക്കുകയും ചെയ്യും. പത്ത് കിലോവാട്ട് സോളാർ പ്ലാന്റിലൂടെ പ്രതിദിനം 50 യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. അഞ്ച് ലക്ഷം ചെലവിലാണ് സോളാർ പാനൽ ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കിയത്. മോട്ടോർ ഷെഡിന് മുകളിലാണ് പാനൽ ക്രമീകരിച്ചിട്ടുള്ളത്. നേരത്തെ രണ്ട് മാസം കൂടുമ്പോൾ 27,000 രൂപയായിരുന്നു വൈദ്യുതിബിൽ.
നഗരസഭ കൗൺസിലർ കെ.ടി.ജോയിയാണ് ഈ ആശയം മുന്നോട്ട് വെച്ചത്. അത് നാടേറ്റെടുത്തു. നാല് കിണറുകളിൽ നിന്നായി ഇരുനൂറോളം കുടുംബങ്ങൾക്കാണ് കുടിവെള്ളമെത്തുക. കഴിഞ്ഞ മാർച്ചിലാണ് പുതിയ സംവിധാനമൊരുക്കിയത്. കുടിവെള്ള പദ്ധതി ഉപയോഗത്തിന് ശേഷം കഴിഞ്ഞമാസം 800 യൂണിറ്റ് വൈദ്യുതി വകുപ്പിന് കൈമാറി. യൂണിറ്റിന് 3.09 രൂപ നിരക്കിൽ ലഭിക്കും. ഈ തുക കൊണ്ട് കുടിവെള്ള പദ്ധതി നടത്തിപ്പും അറ്റകുറ്റപണിയും നടത്താം. മേഖലയിലെ പട്ടികജാതി കുടുംബങ്ങൾക്ക് കുടിവെള്ളം സൗജന്യമാണ്. സി.എൽ.ബൈജു, പി.ആർ. ബാലൻ, സി.ഡി.ജോബി എന്നിവരാണ് നേതൃത്വം നൽകുന്നത്.
വെള്ളവുമായി, ചെലവുകാശും !
സ്ഥാപിച്ചത് പത്ത് കിലോ വാട്ട് സോളാർ പ്ളാന്റ്
പ്രതിദിന ഉത്പാദനം 50 യൂണിറ്റ്
പാനൽ സ്ഥാപിച്ചത് 5 ലക്ഷം ചെലവിട്ട്
കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബിൽ
വർഷം 1,62,000
വൈദ്യുതി വിറ്റ വകയിൽ കിട്ടുക
24,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |