മുംബയ്: ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും ബ്ലാക്ക്‌റോക്കും സംയുക്തമായി രൂപീകരിച്ച ജിയോ ബ്ലാക്ക്‌റോക്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് ഇന്ത്യയിൽ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറായി പ്രവർത്തനം ആരംഭിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയും (സെബി) ബി.എസ്.ഇ ലിമിറ്റഡും അനുമതി നൽകി.
ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് ബിസിനസിനായി ഇൻവെസ്റ്റ്‌മെന്റ് മാനേജറായി പ്രവർത്തിക്കാൻ സെബി മേയിൽ അംഗീകാരം നൽകിയതിന് പിന്നാലെയാണിത്.
നിക്ഷേപകർക്ക് സഹായകമായ ഡിജിറ്റൽ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനായി ജിയോബ്ലാക്ക്‌റോക്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് മുൻഗണന നൽകും. 25 വർഷത്തിലധികം ആഗോള സാമ്പത്തിക സേവന പരിചയമുള്ള മാർക്ക് പിൽഗ്രെമിനെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി നിയമിച്ചതായും കമ്പനി അറിയിച്ചു.
വ്യക്തിഗതമായും വിശകലനങ്ങൾ അടിസ്ഥാനമാക്കിയുമുള്ള സാമ്പത്തിക പരിഹാരങ്ങൾ തേടുന്ന ഇന്ത്യൻ നിക്ഷേപകരെ സഹായിക്കാൻ ഈ സംയുക്ത സംരംഭം ലക്ഷ്യമിടുന്നുവെന്ന് ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഹിതേഷ് സെഥ്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |