കൊച്ചി: സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിലും ദേശീയ പാർക്കുകളിലും വാണിജ്യ സിനിമകളുടെ ചിത്രീകരണം തടയണമെന്ന അപ്പീൽ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ.മനു വ്യാസൻ പീറ്ററാണ് നിയുക്തനായത്. ഷൂട്ടിംഗ് തടയണമെന്ന ആവശ്യം സിംഗിൾബെഞ്ച് നിരാകരിച്ചിരുന്നു. അതിനെതിരെ പെരുമ്പാവൂർ സ്വദേശി ഏഞ്ചൽസ് നായരാണ് അപ്പീൽ നൽകിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ചാണിത് പരിഗണിക്കുന്നത്.
2018ൽ 'ഉണ്ട'സിനിമയുടെ ചിത്രീകരണത്തിനിടെ കാസർകോട് നിക്ഷിപ്ത വനമേഖലയിൽ നാശനഷ്ടമുണ്ടായെന്നാണ് ഹർജിയിലെ വാദം. വിവിധവിഭാഗം ചലച്ചിത്രങ്ങളുടെ ഷൂട്ടിംഗിന് വ്യത്യസ്ത ഫീസ് നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് സർക്കാർ തുടർന്ന് കോടതിയെ അറിയിച്ചു. എന്നാൽ, വാണിജ്യ സിനിമകളുടെ ചിത്രീകരണംതന്നെ വിലക്കുന്നതാണ് അഭികാമ്യമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. വിശദീകരണത്തിന് സർക്കാർ സമയം തേടിയതിനെത്തുടർന്ന് ഹർജി 23ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |