തൃശൂർ: പടിയൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയശേഷം മുങ്ങിയ പ്രതിയെ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിനെ കേദാർനാഥ് തീർത്ഥാടന കേന്ദ്രത്തിനു സമീപമുള്ള ബേസ് ക്യാമ്പിലാണ് വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. മരിച്ച വിവരം കേദാർനാഥ് സ്വദേശികളാണ് പ്രേംകുമാറിന്റെ വീട്ടിൽ അറിയിച്ചത്. വീട്ടുകാർ ഇന്നലെ രാവിലെ 11.30 ഓടെ പൊലീസിനെ വിവരം അറിയിച്ചു.
മൃതദേഹം അവിടെ സൂക്ഷിക്കണമെന്ന് രുദ്രപ്രയാഗ് ജില്ല പൊലീസ് സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ടെന്ന് തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ കേരളകൗമുദിയോട് പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ ഡൽഹിയിലെത്തിയ കേരള പൊലീസ് സംഘം ഇന്ന് കേദാർനാഥിലെത്തി മൃതശരീരം പ്രേംകുമാറിന്റേതാണോയെന്ന് സ്ഥിരീകരിക്കും.
രണ്ടാം ഭാര്യ രേഖയേയും (43) ഭാര്യയുടെ അമ്മ മണിയേയും (74) കൊലപ്പെടുത്തിയ ശേഷം പ്രേംകുമാർ ഒളിവിൽ പോയിരുന്നു. ചേർത്തല കഞ്ഞിക്കുഴി പുതിയപറമ്പ് സ്വദേശിയായ ആദ്യ ഭാര്യ വിദ്യയെ 2019ൽ പൈശാചികമായി കൊലപ്പെടുത്തിയ കേസിൽ പരോളിൽ ഇറങ്ങിയപ്പോഴായിരുന്നു പ്രേംകുമാറിന്റെ രണ്ടാം വിവാഹം.
മകൾക്ക് കത്തയച്ച് മരണത്തിലേക്ക്
'നന്നായി പഠിക്കണമെന്നും അച്ഛൻ ഇനിയില്ലെ" ന്നും കോട്ടയത്തെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന മകൾക്ക് പ്രേംകുമാർ കൊറിയർ വഴി കത്തയച്ചിരുന്നു. ആദ്യ ഭാര്യ വിദ്യയുടെ മകളാണിത്. ഡൽഹിയിൽ നിന്ന് അയച്ച കത്ത് പിന്തുടർന്ന് കേരള പൊലീസ് അവിടേക്ക് എത്തിയിരുന്നു. പൊലീസ് പിറകെയുണ്ടെന്ന് തോന്നിയതു കൊണ്ടാകാം ആത്മഹത്യയെന്നാണ് നിഗമനം. സ്വന്തം കുടുംബവുമായി ബന്ധമില്ലാതിരുന്ന പ്രേംകുമാറിന്റെ മൃതദേഹം സ്വീകരിക്കാൻ വീട്ടുകാർക്ക് താത്പര്യമില്ലെന്നാണ് അറിയുന്നത്. പ്രേംകുമാർ മരിച്ചെന്ന് സ്ഥിരീകരിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കി കേസ് അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. മൃതദേഹം ബന്ധുക്കൾ സ്വീകരിക്കാതെ വന്നാൽ അവിടെത്തന്നെ സംസ്‌കരിച്ചേക്കും. രണ്ടാം ഭാര്യ രേഖയുടെയും അമ്മ മണിയുടെയും കൊലപാതകം നടത്തിയത് പ്രേംകുമാർ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആദ്യ ഭാര്യയെ കൊന്നപോലെ
മദ്യപിച്ച ശേഷം ആദ്യ ഭാര്യയെ കഴുത്തിൽ കയർ മുറുക്കി കൊന്നതിനു സമാനമായാണ് രണ്ടാം ഭാര്യയെയും അമ്മയെയും പ്രേംകുമാർ കൊലപ്പെടുത്തിയത്. തിരുവനന്തപുരം പേയാടുള്ള കാമുകി സുനിതയുടെ വാടകയ്ക്കെടുത്ത വില്ലയിൽ എത്തിച്ചാണ് ആദ്യഭാര്യയെ കൊലപ്പെടുത്തിയത്. കഴുത്തിലെ മുറിവ് ആയുർവേദ ചികിത്സയിലൂടെ ശരിയാക്കാമെന്ന് പറഞ്ഞാണ് അവിടെ എത്തിച്ചത്. 2019ലായിരുന്നു സംഭവം. മൃതദേഹം വാഹനത്തിൽ കയറ്റി തിരുനെൽവേലിയിൽ ഉപേക്ഷിച്ചു. വിദ്യയുടെ ഫോൺ ദീർഘദൂര ട്രെയിനിൽ ഉപേക്ഷിച്ച ശേഷം പ്രേംകുമാർ ഉദയംപേരൂർ സ്റ്റേഷനിൽ ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി. ഇതിനിടെ തൃപ്പൂണിത്തുറയിൽ കാമുകി സുനിതയോടൊപ്പം താമസം തുടങ്ങിയിരുന്നു. പ്രേംകുമാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചാണ് പൊലീസ് കൊലക്കേസ് തെളിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |