മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി പിന്തുണയിൽ ചർച്ച കേന്ദ്രീകരിക്കുന്നത് വോട്ട് ചോർച്ചയ്ക്ക് വഴിയൊരുക്കുമോയെന്ന ആശങ്കയിൽ യു.ഡി.എഫ്. ചില മുസ്‌ലിം സംഘടനകളുടെ എതിർപ്പിനൊപ്പം താമരശ്ശേരി രൂപത കത്തോലിക്ക കോൺഗ്രസും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ്-വെൽഫെയർ പാർട്ടി കൂട്ടുകെട്ട് മതേതര ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ,മണ്ഡലത്തിൽ പതിനായിരത്തിലേറെ വോട്ടുകൾ തങ്ങൾക്കുണ്ടെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി..
ജമാഅത്തെ ഇസ്‌ലാമി മത രാഷ്ട്രീയ നിലപാട് മാറ്റിയെന്ന് പറയേണ്ടത് മതപണ്ഡിതരാണെന്നും പ്രതിപക്ഷ നേതാവല്ലെന്നും സമസ്ത മുശാവറാംഗം മുക്കം ഉമർ ഫൈസി വിമർശിച്ചു. ചില സമസ്ത നേതാക്കളുടെ പ്രസ്താവന ഇടതുപക്ഷം പ്രചാരണായുധമാക്കിയതോടെ. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു. യു.ഡി.എഫിന് അവരുടെ നയമനുസരിച്ച് കൂട്ടാൻ പറ്റുന്നവരെ കൂട്ടാമെന്ന് കൂടിയാലോചനയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് ജിഫ്രി തങ്ങൾ പറഞ്ഞു.
ക്രിസ്ത്യൻ വോട്ടിലെ വിള്ളൽ ലക്ഷ്യമിട്ട് ഹാഗിയ സോഫിയ വിഷയവും ഇടതു ക്യാമ്പ് ഉയർത്തിയിട്ടുണ്ട്. പാണക്കാട് സാദിഖലി തങ്ങളെക്കൊണ്ട് ഹാഗിയ സോഫിയ വിഷയത്തിൽ ലേഖനം എഴുതിപ്പിച്ചതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്ന വാദം കെ.ടി. ജലീൽ എം.എൽ.എ ഉയർത്തി. പ്രിയങ്ക ഗാന്ധി നിലമ്പൂരിലെത്തുമ്പോൾ അഖിലേന്ത്യാതലത്തിൽ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം കൂടി വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു
. പ്രിയങ്ക ഗാന്ധിയെ കൊണ്ട് മലപ്പുറം പരാമർശം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസിന്റെ പദ്ധതി. അതേസമയം വിവാദങ്ങൾക്ക് പിറകെ പോയാൽ സംസ്ഥാന സർക്കാരിനെതിരായ വികാരം മുതലെടുക്കാനാവില്ലെന്നും എൽ.ഡി.എഫിന് ഗുണകരമാവുമെന്നുമാണ് മുസ്‌ലിം ലീഗിന്റെ അഭിപ്രായം.വെൽഫെയർ പാർട്ടിയുമായുള്ളത് മുന്നണി ബന്ധമല്ലെന്നും തിരഞ്ഞെടുപ്പ് ബന്ധം മാത്രമാണെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വീണ്ടും ഉയർത്തി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിലേക്ക് ചർച്ച വഴി തിരിക്കാൻ
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തെത്തി. മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |