മുടങ്ങിയത് ഫണ്ടില്ലാത്തതിനാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമങ്ങളുടെയെല്ലാം ദാഹമകറ്റിയ ജലജീവൻ പദ്ധതിയുടെ പണി പൂർത്തിയാക്കണമെങ്കിൽ സംസ്ഥാനം 20000കോടി രൂപയെങ്കിലും കണ്ടെത്തണം. സംസ്ഥാനം പണമിട്ടാൽ വിഹിതം കൃത്യമായി തരാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പക്ഷെ സംസ്ഥാനത്തിന് എടുക്കാൻ പണമില്ല. പണമില്ലാത്തതിനാൽ 560 കോടി രൂപയാണ് സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയത്. ഇത് കരാറുകാരുടെ കുടിശിക തീർക്കാൻപോലുമാകില്ല. ഇനി വാട്ടർ അതോറിട്ടിയെക്കൊണ്ട് 12000കോടിരൂപ വായ്പയെടുപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ആലോചന. എന്നാൽ വാട്ടർ അതോറിട്ടിക്ക് ഇതിൽ എതിർപ്പുണ്ട്. സംസ്ഥാനസർക്കാരിന്റെ ബാദ്ധ്യത വാട്ടർ അതോറിട്ടിയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണെന്ന് വാട്ടർഅതോറിട്ടി ആരോപിച്ചു. 9.12 ശതമാനം പലിശയ്ക്ക് നബാർഡിൽ നിന്നോ,എൽ.ഐ.സിയിൽ നിന്നോ,ഹഡ്കോയിൽ നിന്നോ 20വർഷത്തേക്ക് വായ്പയെടുക്കാമെന്നാണ് സംസ്ഥാനം പറയുന്നത്. ശേഷിക്കുന്ന തുക സംസ്ഥാനം പിന്നീട്കണ്ടെത്താമെന്നും സംസ്ഥാനം ഉറപ്പുനൽകി. ഇതുവരെ വായ്പ തരപ്പെട്ടിട്ടില്ല. ജലജീവന്റെ കാലാവധി 2024ൽ തീർന്നു. എന്നാൽ കേന്ദ്രസർക്കാർ ഇത് 2028വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആകെയുള്ള 70.69 ലക്ഷം ഗ്രാമീണവീടുകളിൽ 16.64ലക്ഷം വീടുകളിൽ (23.54 ശതമാനം) മാത്രമാണ് കുടിവെള്ള കണക്ഷനുകൾ ഉണ്ടായിരുന്നത്. 2021ൽ ആരംഭിച്ച പദ്ധതി പ്രകാരം ശേഷിക്കുന്ന 54.05ലക്ഷം വീടുകൾക്ക് കുടിവെള്ള കണക്ഷൻ നൽകണം. ഇതുവരെ 10.07ലക്ഷം വീടുകൾക്കെ കണക്ഷൻ നൽകിയിട്ടുള്ളു.
കരാറുകാർക്ക് കൊടുക്കാനുള്ളത് ....4874കോടി
പണിപൂർത്തിയാക്കാൻവേണ്ടത് .......16425.50കോടി
കേന്ദ്രം തരാനുള്ളത് ...........16848.47 കോടി
കുടിശിക മാത്രം
കേന്ദ്രസർക്കാർ 5508.92കോടി രൂപയും സംസ്ഥാന സർക്കാർ 5951.89 കോടി രൂപയുമാണ് ഇതുവരെ പദ്ധതിക്കായി നൽകിയത്. ഇതിൽ തന്നെ ആയിരത്തോളം കരാറുകാർക്കായി 4874 കോടി രൂപ കുടിശികയുണ്ട്. 44718.78 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് ഇതുവരെ ഭരണാനുമതി നൽകിയിട്ടുള്ളത്.
'ജൂൺ 30 ന് മുമ്പ് നിലവിലുള്ള കുടിശ്ശിക തീർക്കുകയും ബാക്കിപണം സംബന്ധിച്ച് വ്യക്തത വരുത്തുകയും ചെയ്തില്ലെങ്കിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കരാറുകാർ കോടതിയെ സമീപിക്കും."
-വർഗീസ് കണ്ണമ്പള്ളി,സംസ്ഥാന പ്രസിഡന്റ്
കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |