ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതതല സമിതി കൂടി കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം രൂപീകരിച്ചു. പ്രഖ്യാപിച്ച മറ്റ് അന്വേഷണങ്ങൾക്ക് പുറമേയാണിതെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. മൂന്ന് മാസത്തിനുള്ളിൽ കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കാനുള്ള മാർഗനിർദ്ദേശങ്ങളുമുണ്ടാകും.
സിവിൽ ഏവിയേഷൻ മന്ത്രാലയം സെക്രട്ടറി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഡിഷണൽ സെക്രട്ടറി, ഗുജറാത്ത് സർക്കാർ പ്രതിനിധി, ഗുജറാത്ത് സംസ്ഥാന ദുരന്ത പ്രതികരണ അതോറിട്ടി പ്രതിനിധി, അഹമ്മദാബാദ് പൊലീസ് കമ്മിഷണർ, ഇന്ത്യൻ വ്യോമസേനയുടെ ഇൻസ്‌പെക്ഷൻ ആന്റ് സേഫ്റ്റി ഡയറക്‌ടർ ജനറൽ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി(ബി.സി.എ.എസ്) ഡയറക്‌ടർ ജനറൽ , ഡി.ജി.സി.എ മേധാവി, ഐബി സ്‌പെഷൽ ഡയറക്ടർ, ഫോറൻസിക് സയൻസസ് സർവീസസ് ഡയറക്‌ടറേറ്റ് ഡയറക്ടർ എന്നിവർ അംഗങ്ങളായിരിക്കും.
ഫ്ലൈറ്റ് ഡാറ്റ, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറുകൾ, എയർക്രാഫ്റ്റ് മെയിന്റനൻസ് റെക്കോർഡുകൾ, എ.ടി.സി ഡാറ്റ, സാക്ഷി മൊഴികൾ, തുടങ്ങി എല്ലാ രേഖകളും കമ്മിറ്റിക്ക് ലഭ്യമാക്കും. അപകടാനന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ നയ മാറ്റങ്ങൾ, നിലവിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ, പരിശീലനം തുടങ്ങിയവ സംബന്ധിച്ച ശുപാർശകൾ റിപ്പോർട്ടിലുണ്ടാകും.
ഇന്നലെ രാവിലെ 10.30ന് മന്ത്രി റാം മോഹൻ നായിഡു സിവിൽ വ്യോമയാന ഓഫീസിൽ ഉന്നതതല യോഗം വിളിച്ചിരുന്നു. സിവിൽ വ്യോമയാന സെക്രട്ടറി, ഡി.ജി.സി.എ ഡയറക്ടർ ജനറൽ, എയർപോർട്ട് അതോറിട്ടി ഉദ്യോഗസ്ഥർ, മുതിർന്ന മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |