ത്രിരാഷ്ട്ര സന്ദർശനത്തിന് പുറപ്പെട്ടു
ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനം
ന്യൂഡൽഹി : ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കാനഡയിലെത്തും. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ വിദേശയാത്രയാണിത്. ഇന്ന് സൈപ്രസ് സന്ദർശിച്ച ശേഷമാണ് കാനഡയിലെത്തുക. കാനഡയിൽ നിന്ന് 18ന് ക്രൊയേഷ്യയിലെത്തും. ജൂൺ 19ന് മടങ്ങും.
തുടർച്ചയായി ആറാംതവണയാണ് മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഖാലിസ്ഥാൻ വിഷയത്തിൽ കാനഡയുമായി നല്ല ബന്ധത്തിലല്ല ഇന്ത്യ. ജസ്റ്റിൻ ട്രൂഡോ മാറി മാർക്ക് കാർണി പ്രധാനമന്ത്രിയായ ശേഷമുള്ള ഉച്ചകോടി അതിനാൽ തന്നെ നിർണായകമാണ്. ഖാലിസ്ഥാൻ ഭീകരരെ കൈമാറണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ. ഉച്ചകോടിയിൽ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പഹൽഗാം ഭീകരാക്രമണം, ഇസ്രയേൽ - ഇറാൻ സംഘർഷം, ഗാസ സംഘർഷം തുടങ്ങിയവ ചർച്ചയായേക്കും.
ഭീകരതയ്‌ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താൻ
അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തിന് ഉറച്ച പിന്തുണ നൽകുന്ന രാജ്യങ്ങൾക്ക് നന്ദി പറയുകയാണ് ത്രിരാഷ്ട്ര സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നരേന്ദ്രമോദി വ്യക്തമാക്കി. ഭീകരതയെ നേരിടുന്നതിൽ ആഗോള ധാരണ ശക്തിപ്പെടുത്താനുള്ള അവസരം കൂടിയാണിത്. സൈപ്രസുമായി വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ബന്ധം മെച്ചപ്പെടുത്താൻ സന്ദർശനം അവസരമേകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |