കൊൽക്കത്ത: പറന്നുയരുന്നതിന് തൊട്ടുമുൻപ് സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടതോടെ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം റൺവെയിൽ നിർത്തി. കൊൽക്കത്ത നേതാജി സുഭാഷ്‌ചന്ദ്ര ബോസ് രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞദിവസമാണ് സംഭവം. ഉത്തർപ്രദേശിൽ ഹിൻഡൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനമാണ് പറന്നുയരുന്നതിന് മുൻപായി നിർത്തിയത്.
തകരാർ വന്ന വിമാനത്തിന് പകരം വിമാനം യാത്രക്കാർക്കായി ഒരുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഐഎക്‌സ് 1511 വിമാനമാണ് റൺവെയിൽ വച്ച് സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തിയത്. സാങ്കേതിക തകരാർ എന്താണെന്ന് വ്യക്തമല്ല. യാത്രക്കാരോട് എയർ ഇന്ത്യ എക്‌സ്‌പ്രസ് അധികൃതർ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു.
അതേസമയം നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഇതുവരെ 80 പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികളായ നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് വയസുള്ള കുട്ടിയടക്കം ഉള്ളവരെയാണ് കാണാതായത്. ഇതുവരെ 274 പേർ അപകടത്തിൽ മരിച്ചു എന്നാണ് ഔദ്യോഗിക വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |