ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉന്നത ബഹുമതിയായ "ഗ്രാൻഡ് ക്രോസ് ഒഫ് ദി ഓർഡർ ഓഫ് മകരിയോസ് III" നൽകി ആദരിച്ച് സൈപ്രസ്. പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സാണ് പദവി സമ്മാനിച്ചത്. 140 കോടി ഇന്ത്യക്കാർക്ക് കിട്ടിയ ആദരവെന്ന് മോദി പ്രതികരിച്ചു. ഇന്ത്യയും സൈപ്രസുമായുള്ള ചിരകാല സൗഹൃദത്തിന് പുരസ്‌കാരം സമർപ്പിക്കുന്നുവെന്നും വ്യക്തമാക്കി. രണ്ടുദിവസത്തെ സന്ദർശനത്തിനായി സൈപ്രസിലെത്തിയ മോദിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം,പഹൽഗാം ഭീകരാക്രമണത്തെ സൈപ്രസ് ശക്തമായി അപലപിച്ചതിനും,ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് നൽകിയ ഐക്യദാർഢ്യത്തിനും പിന്തുണയ്‌ക്കും മോദി നന്ദി പറഞ്ഞു. വ്യാപാരം,നിക്ഷേപം,ശാസ്ത്രം,ഗവേഷണം,സാംസ്‌കാരിക സഹകരണം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ഇരു നേതാക്കളും ചർച്ച ചെയ്‌തു. സ്റ്റാർട്ടപ്പുകൾ,പ്രതിരോധ വ്യവസായം,കണക്‌ടിവിറ്റി,നവീകരണം,ഡിജിറ്റലൈസേഷൻ,എ.ഐ,മൊബിലിറ്റി എന്നീ പുതിയ മേഖലകളിൽ സഹകരണത്തിനുള്ള വഴികളും ചർച്ചയായി. ഇന്ത്യ - മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി,മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും സംഭാവന നൽകുമെന്ന് മോദി ചൂണ്ടിക്കാട്ടി. അതേസമയം,സൈപ്രസ് സന്ദർശനത്തിന് ശേഷം ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി ഇന്നലെ വൈകിട്ടോടെ കാനഡയിലേക്ക് തിരിച്ചു.
ഭീകരതയ്‌ക്കെതിരെ
സംയുക്ത പ്രസ്‌താവന
അതിർത്തി കടന്നുള്ള ഭീകരതയെയും പഹൽഗാം ഭീകരാക്രമണത്തെയും സംയുക്ത പ്രസ്‌താവനയിൽ ഇരുരാജ്യങ്ങളും അപലപിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ സൈപ്രസ് ഇന്ത്യയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനം നേതാക്കൾ ആവർത്തിച്ചു. ആക്രമണങ്ങൾക്ക് ഉത്തരവാദികളായവർ കണക്കുപറയേണ്ടിവരും. ഭീകരതയ്‌ക്ക് ധനസഹായമെത്തിക്കുന്ന ശൃംഖലകളും, ഭീകരരുടെ താവളങ്ങളും തകർക്കാനും, കുറ്റവാളികളെ അതിവേഗം നീതിപീഠത്തിനു മുന്നിൽ കൊണ്ടുവരാനും നേതാക്കൾ ആഹ്വാനം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |