ടെഹ്‌റാൻ: തങ്ങൾക്ക് മേൽ ഇസ്രയേൽ അണുബോംബിട്ടാൽ,ഇസ്രയേലിൽ പാകിസ്ഥാൻ ആണവാക്രമണം നടത്തുമെന്ന് ഇറാൻ ജനറൽ. പിന്നാലെ നിഷേധിച്ച് പാകിസ്ഥാൻ. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിലെ ഉന്നത ഉദ്യോഗസ്ഥനും നാഷണൽ സെക്യൂരിറ്റി കൗൺസിൽ അംഗവുമായ ജനറൽ മൊഹ്‌സീൻ റെസായിയാണ് പാക് പരാമർശം നടത്തിയത്. പാകിസ്ഥാൻ തങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും റെസായി പറഞ്ഞു.
അതേസമയം,റെസായിയുടെ പ്രസ്താവന പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തള്ളി. 'തങ്ങളുടെ ആണവശേഷി തങ്ങളുടെ ജനങ്ങളുടെ പ്രയോജനത്തിനും ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് രാജ്യത്തെ പ്രതിരോധിക്കുന്നതിനുമാണ്. ഇസ്രയേൽ ഇപ്പോൾ പ്രകടമാക്കുന്ന പോലെ അയൽ രാജ്യങ്ങൾക്കെതിരെ തങ്ങൾ ആധിപത്യ നയങ്ങൾ പിന്തുടരുന്നില്ല" ആസിഫ് എക്സിൽ കുറിച്ചു.
ഇറാനുമായുള്ള അതിർത്തി അടച്ച് പാകിസ്ഥാൻ
ഇറാനുമായുള്ള എല്ലാ അതിർത്തി ക്രോസിംഗുകളും അനിശ്ചിത കാലത്തേക്ക് അടച്ച് പാകിസ്ഥാൻ. ചാഘി,വാഷുക്,പഞ്ച്ഗുർ,കെച്, ഗ്വാദർ ജില്ലകളിലായുള്ള എല്ലാ അതിർത്തി കേന്ദ്രങ്ങളും അടച്ചെന്ന് ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം,വ്യാപാരം നിറുത്തിവച്ചിട്ടില്ല. ഇറാനിൽ നിന്ന് പാകിസ്ഥാനിലേക്ക് മടങ്ങിയെത്തുന്നവരെ അതിർത്തി കടക്കാനും അനുവദിക്കും. ഇറാനുമായി 900 കിലോമീറ്റർ അതിർത്തിയാണ് പാകിസ്ഥാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |