കൊച്ചി: അമേരിക്ക ഇറക്കുമതിക്ക് പത്ത് ശതമാനം അടിസ്ഥാന തീരുവ ഏർപ്പെടുത്തിയതോടെ ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര ആഭരണ കയറ്റുമതി മേയിൽ 15.81 ശതമാനം ഇടിഞ്ഞ് 19,260 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ 22,414.02 കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങളാണ് ഇന്ത്യ കയറ്റി അയച്ചിരുന്നത്. കട്ട് ആൻഡ് പോളിഷ്‌ഡ് ഡയമണ്ടുകളുടെ കയറ്റുമതി കഴിഞ്ഞ മാസം 35.49 ശതമാനം ഇടിവോടെ 8,089.81 കോടി രൂപയിലെത്തി. പോളിഷ്‌ഡ് ലാബ് ഡയമണ്ടുകളുടെ കയറ്റുമതി 32.72 ശതമാനം കുറഞ്ഞ് 689.71 കോടി രൂപയായി. സ്വർണാഭരണ കയറ്റുമതി 17.24 ശതമാനം വർദ്ധിച്ച് 8,482.61 കോടി രൂപയിലെത്തി.
ഏപ്രിൽ, മേയ് മാസങ്ങളിൽ വെള്ളി ആഭരണങ്ങളുടെ കയറ്റുമതി 17.59 ശതമാനം താഴ്ന്ന് 1,281.92 കോടി രൂപയിലെത്തി.
ലാഭമെടുപ്പിൽ തളർന്ന് സ്വർണം
നിക്ഷേപകർ ലാഭമെടുക്കുന്നതിനായി വിൽപ്പന സമ്മർദ്ദം ശക്തമാക്കിയതോടെ സ്വർണ വില താഴേക്ക് നീങ്ങി. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 3,390 ഡോളർ വരെ ഇടിഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില പവന് 840 രൂപ കുറഞ്ഞ് 73,600 രൂപയിലെത്തി. ഗ്രാമിന്റെ വില 105 രൂപ കുറഞ്ഞ് 9,200 രൂപയായി. ജൂൺ 14ന് പവൻ വില 74,560 രൂപ വരെ ഉയർന്ന് റെക്കാഡിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |