തിരുവനന്തപുരം: നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നത് പാർട്ടിയിൽ നിന്ന് ആരും ക്ഷണിക്കാത്തതിനാലാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശിതരൂർ. ക്ഷണിച്ചാൽ പോകുമായിരുന്നു. നിലമ്പൂരിലേക്ക് വരണമെന്നറിയിച്ച് ഒരു ഫോൺകോൾ പോലും തനിക്ക് ലഭിച്ചില്ല. ക്ഷണിക്കാതെ ഒരിടത്തും പോകാറില്ല.
സാധാരണ പരിപാടികളിൽ പങ്കെടുക്കണമെങ്കിൽ മുൻകൂട്ടി അറിയിക്കാറാണ് പതിവ്. ഇവിടെ അങ്ങനെയുണ്ടായില്ല. എങ്കിലും തന്റെ സുഹൃത്തായ ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ വിജയിക്കും. കോൺഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനു ശേഷം അതേക്കുറിച്ചെല്ലാം സംസാരിക്കും. വോട്ടെടുപ്പ് ദിവസം ഇതേക്കുറിച്ചൊന്നും കൂടുതൽ പറയുന്നില്ല. ബി.ജെ.പിയിലേക്ക് പോകുമെന്ന് കേൾക്കുന്നുണ്ടല്ലോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് താൻ എവിടേക്കും പോകുന്നില്ലെന്നും കോൺഗ്രസ് അംഗമാണെന്നുമായിരുന്നു മറുപടി.
'അവഗണിച്ചെന്ന തോന്നലില്ല'
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവനകൾ ഭാരതീയൻ എന്ന നിലയ്ക്കാണെന്ന് തരൂർ. അതിൽ രാഷ്ട്രീയത്തിന് പ്രസക്തിയില്ല. സർക്കാർ ആവശ്യപ്പെട്ടാൽ രാജ്യത്തിന് വേണ്ടി എന്ത് സേവനത്തിനും തയ്യാറാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. പാർട്ടിയോടുള്ള സ്നേഹത്തെക്കുറിച്ച് ആർക്കും സംശയം വേണ്ട. പാർട്ടി അവഗണിച്ചെന്ന ഒരു തോന്നലുമില്ല. എന്നാൽ, കേരളത്തിലെ നേതൃത്വവുമായി ചില പ്രശ്നങ്ങൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. അതെല്ലാം പാർട്ടിക്കുള്ളിലാണ് സംസാരിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |