തിരുവനന്തപുരം: ഡി.ജി.പി റാങ്കുള്ള യോഗേഷ് ഗുപ്തയെ കേന്ദ്ര സർവീസിൽ പരിഗണിക്കാനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും ചീഫ്സെക്രട്ടറിക്ക് കത്ത് നൽകി. അദ്ദേഹത്തെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) മേധാവിയാക്കാനാണ് കേന്ദ്രത്തിന് താത്പര്യം.
ആഭ്യന്തര മന്ത്രാലയം നേരത്തേ മൂന്നു വട്ടം രേഖാമൂലം ആവശ്യപ്പെട്ടിട്ടും യോഗേഷിനെതിരേ കേസും അന്വേഷണവുമില്ലെന്ന ക്ലിയറൻസ് സർക്കാർ നൽകിയിരുന്നില്ല. ഈ രേഖ ലഭിക്കാതെ യോഗേഷിനെ കേന്ദ്ര ഏജൻസിയുടെ തലപ്പത്തേക്ക് പരിഗണിക്കാനാവില്ല. ക്ലിയറൻസ് എത്രയും വേഗം നൽകണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ യോഗേഷ് പരാതി നൽകിയെങ്കിലും മറുപടി പോലും ലഭിച്ചിട്ടില്ല.
അതിനിടെ, യോഗേഷിനെ വിജിലൻസ് കേസിൽ കുടുക്കാനും നീക്കമുണ്ടെന്നാണ് സൂചന. ഏതെങ്കിലും നടപടിയുടെ പേരിൽ പരാതിയെഴുതി വാങ്ങി, വിജിലൻസ് അന്വേഷണമുണ്ടെന്ന് കേന്ദ്രത്തെ അറിയിക്കാനാണ് നീക്കം. പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന യോഗേഷ്, ആ പട്ടികയിൽ നിന്ന് സ്വമേധയാ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫോൺ വിളിച്ച മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യമറിയിച്ചത്. പൊലീസ് മേധാവി പരിഗണനാ പട്ടികയിൽ നിന്ന് യോഗേഷിനെ പിന്മാറ്റാനുള്ള സമ്മർദ്ദ തന്ത്രമാണിതെന്നാണ് സൂചന. മുഖ്യമന്ത്രിയെ കാണാൻ യോഗേഷ് അനുമതി തേടിയെങ്കിലും ലഭിച്ചിട്ടില്ല.
ഒരു ഉന്നതനെതിരേ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെ ഇതുസംബന്ധിച്ച വിജിലൻസ് ഫയലുകൾ സി.ബി.ഐയ്ക്ക് കൈമാറിയതാണ് യോഗേഷിന്റെ ക്ലിയറൻസ് അയയ്ക്കാത്തതിന് കാരണമെന്നാണ് അറിയുന്നത്. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെതിരേ വിജിലൻസ് കേസെടുപ്പിക്കാനുള്ള നീക്കത്തിനും യോഗേഷ് വഴങ്ങിയിരുന്നില്ല. പ്രതിപക്ഷത്തെ ഒരുന്നത നേതാവിനെതിരേ അഴിമതിക്കേസെടുക്കാനുള്ള ശ്രമവും യോഗേഷ് തടഞ്ഞിരുന്നു. വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതോടെയാണ് കേന്ദ്രത്തിലേക്ക് പോകാൻ യോഗേഷ് തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |