കൊച്ചി: അമേരിക്ക നേരിട്ട് ഇറാനെതിരെ സൈനിക നടപടി നടത്താനുള്ള സാദ്ധ്യത മങ്ങിയതോടെ ആഗോള വിപണികളിൽ ഉണർവുണ്ടായി. ഇതോടെ നിക്ഷേപകർ ക്രൂഡോയിൽ, സ്വർണം എന്നിവയിൽ നിന്ന് പണം പിൻവലിച്ച് ഓഹരി, കടപ്പത്ര, നാണയ വിപണികളിൽ സജീവമായി. ഇന്ത്യയിലെ പ്രധാന ഓഹരി സൂചികകളായ സെൻസെക്സ്, നിഫ്റ്റി എന്നിവ മികച്ച നേട്ടമുണ്ടാക്കി. ക്രൂഡോയിൽ വില ബാരലിന് മൂന്ന് ഡോളർ കുറഞ്ഞ് 70 ഡോളറിലെത്തിയതും വിപണിക്ക് കരുത്തായി.
രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,346 ഡോളറിലേക്ക് താഴ്ന്നു. കേരളത്തിൽ പവൻ വില 440 രൂപ കുറഞ്ഞ് 73,680 രൂപയിലെത്തി. ഗ്രാമിന്റെ വില 55 രൂപ താഴ്ന്ന് 9,210 രൂപയിലെത്തി. അമേരിക്കയിലെ ഫെഡറൽ റിസർവിന്റെ ധന അവലോകന നയത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്താതിരുന്നതും നിക്ഷേപകർക്ക് സ്വർണത്തോട് പ്രിയം കുറച്ചു. ആഗോള ഫണ്ടുകൾ ഒരിടവേളയ്ക്ക് ശേഷം ധന വിപണികളിൽ സജീവമാകുകയാണ്. ഇറാനും ഇസ്രയേലുമായുള്ള യുദ്ധത്തിന്റെ അശങ്ക ഒഴിവാകുന്നുവെന്നാണ് നിക്ഷേപകർ വിലയിരുത്തുന്നത്.
സെൻസെക്സിൽ കുതിപ്പ്
വിദേശ നിക്ഷേപകരുടെ വാങ്ങൽ താത്പര്യത്തിന്റെ കരുത്തിൽ ഇന്നലെ സെൻസെക്സ് 1,046 പോയിന്റ് കുതിച്ച് 82,408.17ൽ അവസാനിച്ചു. നിഫ്‌റ്റി 319 പോയിന്റ് നേട്ടവുമായി 25,112.40ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും മികച്ച വാങ്ങൽ താത്പര്യം ദൃശ്യമായി. ധനകാര്യ മേഖലയിലെ ഓഹരികളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
ഓഹരി നിക്ഷേപകരുടെ ആസ്തിയിലെ വർദ്ധന
അഞ്ച് ലക്ഷം കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |