തിരുവനന്തപുരം: അടുത്ത പൊലീസ് മേധാവിയാകേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കാനുള്ള യു.പി.എസ്.സി യോഗം അടുത്തയാഴ്ച ഡൽഹിയിൽ ചേരും. ആറു ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.
യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ഡി.ജി.പി, ചീഫ്സെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി എന്നിവരുടെ സമിതിയാണ് മൂന്നംഗ ചുരുക്കപ്പട്ടികയുണ്ടാക്കുക. ഇതിലൊരാളെ സംസ്ഥാന സർക്കാരിന് പൊലീസ് മേധാവിയായി നിയമിക്കാം. പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി ജൂൺ 30ന് കഴിയും. സീനിയോറിറ്റിയും പ്രവർത്തനവും സ്വഭാവശുദ്ധിയും പരിഗണിച്ചാണ് യു.പി.എസ്.സി മൂന്നംഗ പട്ടിക തയ്യാറാക്കുക. ആറംഗ പട്ടികയിലുള്ള സുരേഷ് രാജ് പുരോഹിത് (എസ്.പി.ജി), റവാഡ ചന്ദ്രശേഖർ (ഐ.ബി) എന്നിവർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. പൊലീസ് മേധാവിയാക്കിയാൽ തിരിച്ചെത്താമെന്ന് ഇവർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഡി.ജി.പിമാരായ നിതിൻ അഗർവാൾ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, എ.ഡി.ജി.പി എം.ആർ.അജിത്കുമാർ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.
യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്ര ഡെപ്യൂട്ടേഷനുള്ള ക്ലിയറൻസ് നൽകാത്തതിൽ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് പ്രതിഷേധമുണ്ട്. ഇക്കാര്യം സർക്കാരിനെ അറിയിക്കാൻ ഇന്നലെ ചേർന്ന ഐ.പി.എസ് അസോസിയേഷൻ യോഗം തീരുമാനിച്ചെങ്കിലും പ്രസിഡന്റായ യോഗേഷ് വിലക്കി. സ്വന്തം നിലയിൽ ആശയവിനിമയം നടത്താമെന്നാണ് യോഗേഷ് അറിയിച്ചത്. ഇന്നലെയും മുഖ്യമന്ത്രിയെ കാണാൻ യോഗേഷ് സമയം തേടിയെങ്കിലും ലഭിച്ചില്ല. തിരക്കാണെന്നായിരുന്നു മറുപടി. യോഗേഷിനെതിരേ കേസും അന്വേഷണവുമില്ലെന്ന രേഖ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർക്കാർ നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |