കൊച്ചി: വിദേശികളെ ഫോറിനേഴ്‌സ് ആക്ട് പ്രകാരം തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിടുന്നതിനുമുമ്പ് അവരുടെ ഭാഗംകൂടി കേൾക്കണമെന്ന് ഹൈക്കോടതി. രാജ്യത്തിന്റെ സുരക്ഷയ്‌ക്കോ പൊതുതാത്പര്യത്തിനോ എതിരല്ലെങ്കിൽ ഇവരുടെഭാഗം കേൾക്കാതിരിക്കുന്നത് സ്വാഭാവികനീതിക്ക് എതിരാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി. ജയയചന്ദ്രന്റെ ഉത്തരവ്.
ഭരണഘടന ഉറപ്പുനല്കുന്ന മൗലികാവകാശങ്ങളിൽ ചിലത് വിദേശികൾക്കും പരിമിതമായ തോതിൽ ബാധകമാണെന്നും കോടതി പറഞ്ഞു.
കൊലപാതകക്കേസിൽ പ്രതികളായ മൂന്ന് നേപ്പാൾ സ്വദേശികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്.
കൽപ്പറ്റ പൊലീസ് രജിസ്റ്റർചെയ്ത കേസിലെ പ്രതികളായിരുന്നു മൂന്നുപേരും. വിചാരണക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഫോറിനേഴ്‌സ് ആക്ടിന് കീഴിലുള്ള സിവിൽ അതോറിറ്റി മൂന്നുപേരേയും ഷെൽട്ടർഹോമിൽ തടവിലാക്കാൻ ഉത്തരവിട്ടു. കോടതി ജാമ്യം അനുവദിച്ചശേഷം തങ്ങളെ കേൾക്കാതെ തടവിലാക്കിയ നടപടിയാണ് ഹർജിയിൽ ചോദ്യംചെയ്തത്. ഭരണഘടന ഉറപ്പുനൽകുന്ന സ്വഭാവിക നീതിക്ക് വിരുദ്ധമാണിതെന്നായിരുന്നു വാദം.
അമിക്കസ് ക്യൂറിയെ നിയോഗിച്ചാണ് കോടതി വിഷയം പരിശോധിച്ചത്.
കോടതി ജാമ്യം അനുവദിച്ചാലും വിദേശികൾക്ക് രാജ്യംവിടാൻ അനുമതി തേടേണ്ടതുണ്ടെന്ന കേന്ദ്രസർക്കാരിന്റെയും അമിക്കസ് ക്യൂറിയുടെയും നിലപാട് കോടതി അംഗീകരിച്ചു. ഇത്തരത്തിൽ ഉത്തരവിടാൻ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് അധികാരവുമുണ്ട്. എന്നാൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് രാജ്യതാത്പര്യത്തിന് എതിരല്ലെങ്കിൽ വിദേശിയേയും കേൾക്കേണ്ടതുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
വാണിജ്യ വ്യവസായ ആവശ്യങ്ങൾക്കും വിനോദസഞ്ചാരത്തിനുമായി വിദേശികൾ വലിയതോതിൽ വരുന്ന കാലത്ത് അത്തരമൊരു സമീപനം ആവശ്യമാണ്.
തടങ്കൽ ഉത്തരവുകൾ റദ്ദാക്കി, ഇവരേയും കേട്ട് ഒരുമാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചു. അതുവരെ തടവിൽ തുടരണം. ''സ്വർണക്കൂട്ടിലായാലും ബന്ധനം ബന്ധനംതന്നെ''യെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |