ആലപ്പുഴ : ജലപാതയിൽ ആവശ്യത്തിന് സിഗ്നൽ ബോയകൾ ഇല്ലാത്തത്ബോട്ടുകളുടെ യാത്രയ്ക്ക് വെല്ലുവിളി ഉയർത്തുന്നു. കഴിഞ്ഞദിവസം കുമരകത്ത് നിന്ന് പുറപ്പെട്ട ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ട് കാറ്റിലും കോളിലും ദിശതെറ്റി നാല് മണിക്കൂറിലേറെ വൈകിയാണ് മുഹമ്മ ബോട്ട് ജെട്ടിയിലെത്തിയത്. സ്ത്രീകളടക്കമുള്ള യാത്രക്കാരാണ് വലഞ്ഞത്. രാത്രി 8.30ന് എത്തിച്ചേരേണ്ടിയിരുന്ന ബോട്ട് എത്തിയപ്പോൾ 12.30 ആയി.
ദിശതെറ്റിയ ബോട്ടിനെ തേടിയിറങ്ങിയ രക്ഷാബോട്ടും ദിശ മാറി സഞ്ചരിച്ച സ്ഥിതിയുണ്ടായി. കാറ്റിൽ ആടിയുലഞ്ഞ് ഡീസൽ ടാങ്കിൽ കരട് കയറി എൻജിൻ തകരാറായ ബോട്ട് കെട്ടിവലിച്ചാണ് തീരത്തെത്തിച്ചത്. ദിശ വ്യക്തമാക്കാനുള്ള ബോയകളുടെ കുറവ് വഴിതെറ്റുന്നതിന് പ്രധാനഘടകമായതായി ജീവനക്കാർ ആരോപിച്ചു.
മുഹമ്മ - കുമരകം ജലപാതയിൽ കായൽ മദ്ധ്യേ ഒരു എമർജൻസി ബോട്ട് ജെട്ടി സ്ഥാപിക്കണമെന്നത് ജീവനക്കാരും യാത്രക്കാരും കാലാകാലങ്ങളായി ആവശ്യപ്പെടുന്നതാണ്. യാത്രാവേളയിൽ എന്തെങ്കിലും അപകടമോ അടിയന്തരസാഹചര്യമോ ഉണ്ടായാൽ ബോട്ട് കെട്ടിയിടാൻ പോലും യാതൊരു സംവിധാനങ്ങളും നിലവിലില്ല.
വേണ്ടത് 10, ഉള്ളത് 5
മുഹമ്മ -കുമരകം ജലപാതയിൽ നിലവിൽ ഏഴ് സിഗ്നൽ ബോയകളാണ് സ്ഥാപിച്ചിട്ടുള്ളത്
ഇവയിൽ രണ്ട് ബോയകൾ ബോട്ട് ചാലിൽ നിന്ന് മാറിക്കിടക്കുകയാണ്
12 കിലോമീറ്ററോള്ളം ദൂരമുള്ള ജലപാതയിൽ പത്തു ബോയകളെങ്കിലും ആവശ്യമാണ്
ബോയകളുടെ കുറവ് ദിശ അറിയാതെ ബോട്ടുകൾ വേമ്പനാട്ടുകായലിൽ ചുറ്റാൻ കാരണമാകുന്നു
സിഗ്നലിന് ബൈക്കിന്റെ വെളിച്ചം !
കുമരകം കുരിശടിയിൽ സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റ് തകരാറിലാണ്. മുഹമ്മയിലെ സിഗ്നൽ ലൈറ്റ് വൈദ്യുതി നിലച്ചാൽ അപ്പോൾ അണയും. ഇതോടെ രാത്രികാലങ്ങളിൽ കായലിൽ നിന്ന് നോക്കിയാൽ കര തിരിച്ചറിയാനാകില്ല. വൈദ്യുതി നിലയ്ക്കുമ്പോൾ ബോട്ട് ജെട്ടിയിൽ ബൈക്കുകൾ സ്റ്റാർട്ടാക്കി വെളിച്ചം നൽകിയാണ് പലപ്പോഴും യാത്രാബോട്ടിന് സിഗ്നൽ നൽകുന്നത്. പ്രശ്നം പരിഹരിക്കാനായി സിഗ്നൽ ലൈറ്റുകൾ സോളാർ പാനലിൽ പ്രവർത്തിപ്പിക്കണമെന്നാണ് ആവശ്യം.
വിശാലമായ കായലിൽ ബോട്ടുചാൽ വ്യക്തമാകാൻ കൂടുതൽ ബോയകൾ ആവശ്യമാണ്. കൂടാതെ സിഗ്നൽ സംവിധാനം സോളാറിൽ പ്രവർത്തിപ്പിക്കുകയും വേണം
-ആദർശ് കുപ്പപ്പുറം , സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |