കൊച്ചി: പുതിയ സുരക്ഷാ നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത വർഷം ജനുവരി ഒന്ന് മുതൽ എല്ലാ ഇരുചക്രവാഹനങ്ങളിലും ആന്റി-ബ്രേക്കിംഗ് സിസ്റ്റം (എ.ബി.എസ്) നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം. വാഹനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഉടനെ പുറത്തിറക്കും. ഇരുചക്ര വാഹന യാത്രികർ അപകടത്തിൽ പെടുന്നതിന് കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. നിലവിൽ 150 സി.സിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങൾക്ക് എ.ബി.സി നിർബന്ധമാണ്. ഉത്തരവ് പുറത്തിറങ്ങുന്നതോടെ, ആഭ്യന്തരവിപണിയിൽ 75ശതമാനം കൈയാളുന്ന എൻട്രിലെവൽ വകഭേദം ഉൾപ്പെടെ എല്ലാ ഇരുചക്രവാഹനങ്ങളിലും എ.ബി.എസ് നിർബന്ധമാകും.
2022ലെ സർക്കാരിന്റെ കണക്ക് അനുസരിച്ച് രാജ്യത്തെ റോഡ് അപകടങ്ങളിൽ 20 ശതമാനം ഇരുചക്ര വാഹനയാത്രക്കാരാണ് ഇരയാകുന്നത്. റോഡിൽ പെട്ടെന്നുണ്ടാകുന്ന തടസം മറികടക്കാൻ ശ്രമിക്കുമ്പോഴാണ് മിക്ക ഇരുചക്രവാഹന യാത്രികരും അപകടത്തിൽപ്പെടുന്നത്. പെട്ടെന്ന് ബ്രേക്ക് പിടിക്കുമ്പോൾ വീൽ ലോക്ക് ആകുന്നത് തടയുകയും ഇതിലൂടെ വാഹനം തെന്നിയോ ഇടിച്ചോ ഉണ്ടാകുന്ന അപകടങ്ങളുടെ സാദ്ധ്യത കുറയ്ക്കുകയുമാണ് എ.ബി.എസ് ചെയ്യുന്നത്. എ.ബി.എസ് ബ്രേക്കുകൾ വേഗത്തിൽ അമർത്താനും വാഹനം തെന്നാതെ തടസം മറികടക്കാൻ ഡ്രൈവറെ സഹായിക്കുകയും ചെയ്യും. ഹെൽമറ്റ് നിർബന്ധമാക്കിയതോടെ ഇരുചക്ര വാഹനയാത്രികരുടെ മരണനിരക്കിൽ കുറവ് വന്നിട്ടുണ്ടെന്ന് സംസ്ഥാനതലത്തിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നു. എ.ബി.എസ് കൂടി നിർബന്ധമാക്കുന്നതിലൂടെ അപകടങ്ങളുടെ എണ്ണം ഇനിയും 10 ശതമാനമെങ്കിലും കുറയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.
വില കൂടും
സുരക്ഷ കൂടുമ്പോഴും എ.ബി.എസ് ഘടിപ്പിക്കുകയെന്നത് വാഹനനിർമ്മാതാക്കൾക്ക് ചെലവ് വർദ്ധിപ്പിക്കും. ഈ നിർമ്മാണചെലവ് സ്വാഭാവികമായും ഉപഭോക്താക്കളിലേക്ക് എത്തുകയും ചെയ്യും. പ്രാരംഭ വേരിയന്റുകൾക്ക് 2500 മുതൽ 5000 രൂപ വരെ വില വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |